പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം. ഇരുപത്തിയൊന്നാം സാക്ഷി വീരന്‍ ആണ് ഒടുവില്‍ കൂറുമാറിയത്.
ഇതോടെ കേസില്‍ കോടതിയില്‍ മൊഴി മാറ്റിയവരുടെ എണ്ണം പതിനൊന്നായി. ഇരുപതാം സാക്ഷി മരുതന്‍ എന്ന മയ്യന്‍ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു.
മുക്കാലിയിലുള്ള തേക്ക് പ്ലാന്‍റേഷനിലെ ജീവനക്കാരനാണ് മയ്യന്‍. സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നതിനാല്‍ പ്രോസിക്യൂഷന്‍ ആശങ്കയിലാണ്. രഹസ്യമൊഴി നല്‍കിയ ഏഴുപേര്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്‌തരിച്ച രണ്ടുപേരും പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തി.
പതിനാറ് പ്രതികള്‍ക്കും ജാമ്യം കിട്ടിയതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്‍ധരുടെ വിലയിരുത്തല്‍. ഇതിനിടെ, മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി നിര്‍ദേശ പ്രകാരമാണ് നടപടി.
മധുവിന്‍റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. സാക്ഷികളുടെ തുടര്‍ കൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്‍ വ്യക്തമാക്കിയിരുന്നു.
മൊഴിമാറ്റം തടയാന്‍ വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്കീം നടപ്പിലാക്കണം. പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയതിനാല്‍, പ്രോസിക്യൂഷന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരമുണ്ടായി. ഇതും തിരിച്ചടിയായെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടർ പറഞ്ഞു. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്‍റെ കുടുംബവും ആരോപിച്ചിരുന്നു.