പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധു കേസില്‍ നിന്ന് പിന്മാറാന്‍ നിരന്തരം ശ്രമമുണ്ടാകുന്നതായി വെളിപ്പെടുത്തി മധുവിന്‍റെ അമ്മയും സഹോദരിയും. മുക്കാലി സ്വദേശി അബ്ബാസ് എന്നയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും ഇവര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കാമെന്നും, കേസിന് പുറകെ പോകാതെ സുഖമായി ജീവിക്കൂ എന്നറിയിച്ചാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്നും മധുവിന്‍റെ കുടുംബം വെളിപ്പെടുത്തി.
ഇതു സംബന്ധിച്ച് മധുവിന്‍റെ അമ്മ മല്ലി നല്‍കിയ പരാതിയില്‍ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി അബ്ബാസിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു. കേസില്‍ ഇതിനോടകം നിരവധി പേര്‍ കൂറുമാറിയിരുന്നു. കൂറുമാറിയവരുടെ കൂട്ടത്തില്‍ ബന്ധുക്കളും ഉള്‍പ്പെടുന്നുണ്ട്. അതേസമയം, വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്കീം നടപ്പിലാക്കാന്‍ നിര്‍ദേശമുണ്ടായിട്ടും സാക്ഷികള്‍ കൂറുമാറുന്നതില്‍ കുടുംബം ആശങ്കയിലാണ്. ഇതിനിടയിലാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രലോഭനങ്ങളും ഭീഷണികളും.
Also Read: അട്ടപ്പാടി മധു വധക്കേസ്; പന്ത്രണ്ടാം സാക്ഷിയും കൂറുമാറി
മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ വിചാരണ തുടരുമ്പോൾ പണവും, വസ്‌തുവകകളും നല്‍കി സ്വാധീനിക്കാന്‍ ശ്രമം തുടരുന്നതായി കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഭീഷണി ഭയന്ന് താമസം പോലും മാറേണ്ട സാഹചര്യമാണെന്നും മധുവിന്റെ കുടുംബം അറിയിച്ചു. 122 സാക്ഷികളുള്ള മധു കേസില്‍ ഇതുവരെ 19 പേരെയാണ് വിസ്തരിച്ചത്. ഇതില്‍ ഒമ്പത് പേരും പിന്നീട് മൊഴിമാറ്റി നല്‍കി. പ്രോസിക്യൂഷന്‍ സാക്ഷികളെല്ലാം തന്നെ പ്രതികളുടെ സ്വാധീനത്തിലാണെന്ന് കുടുംബം ആരോപണം തുടരുന്നുമുണ്ട്. അതേസമയം, കേസില്‍ ഇരുപതാം സാക്ഷി മയ്യന്‍ എന്ന മരുതനെ നാളെ വിസ്‌തരിക്കും.