പാലക്കാട്: ലോക്ക് ഡൗൺ ലംഘിച്ചതിന് പാലക്കാട് ജില്ലയിൽ രണ്ടു മാസത്തിനിടെ പൊലീസ് രജിസ്റ്റർ ചെയ്തത് 8214 കേസുകൾ. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം മാർച്ച് 14 മുതൽ മെയ് 28 വരെ രജിസ്റ്റർ ചെയ്ത കേസുകളിൽ 10750 പേർക്കെതിരെയാണ് നടപടി എടുത്തത്. ഇവരിൽ 10286 പേർ അറസ്റ്റിലായി. 5750 വാഹനങ്ങളും ഈ കാലയളവിൽ പിടികൂടിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് ഇവയിൽ കൂടുതലും. മാസ്‌ക് ധരിക്കാത്തതിന് ദിവസവും ശരാശരി ഇരുന്നൂറിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
പൊലീസിന്‍റെയും മറ്റു വകുപ്പുകളുടെയും സംയുക്ത പരിശോധന ആയിരുന്നു ആദ്യഘട്ടങ്ങളിൽ ഉണ്ടായിരുന്നത്. പിന്നീട് പൊലീസ് മാത്രം പരിശോധനാ നടപടികളിലേക്ക് ഒതുങ്ങി. വിവിധ ക്യാമ്പുകളിൽ പരിശീലനത്തിന് ഉണ്ടായിരുന്ന പൊലീസ് ട്രെയിനികളെ കൂടി മാതൃസ്റ്റേഷനുകളിൽ സഹായത്തിനായി എത്തിച്ചിരുന്നു.