പാലക്കാട്: വീട് നഷ്ടപ്പെട്ട് കടത്തിണ്ണയില്‍ അഭയംതേടിയ വയോധികയ്ക്ക് ആശ്രയം നല്‍കി ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി. ഒന്നരലക്ഷം രൂപ ചിറ്റൂര്‍ ഭൂപണയ ബാങ്കില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് തെറ്റിയതിനാല്‍ വീട് ജപ്തി ചെയ്യപ്പെട്ട് വര്‍ഷങ്ങളോളം തെരുവില്‍ അലഞ്ഞ രാജാമണിയ്ക്കാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ അഭയം നല്‍കിയിരിക്കുന്നത്.
രാജാമണിയുടെ മൂന്ന് പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞ് തമിഴ്നാട്ടില്‍ താമസിക്കുന്നുണ്ട്. ഏകമകന്‍ എവിടെയാണെന്നറിയില്ല. ആരും നോക്കാനില്ലാത്ത അവസ്ഥയില്‍ വീട് നഷ്ടപ്പെട്ടതോടെ തികച്ചും അനാഥയായ രാജാമണി അവസാന ആശ്രയമെന്ന നിലയ്ക്കാണ് ചിറ്റൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ചിറ്റൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും സാമൂഹിക നീതി വകുപ്പും ഇടപെട്ട് മുണ്ടൂര്‍ പന്നിയമ്പാടം മദര്‍ സാന്താള്‍ ഓര്‍ഫനേജില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കിയതായി ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.