പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറിയുടെ ഓണ്‍ലൈന്‍ പരിപാടികള്‍ ജില്ലാ പബ്ലിക് ലൈബ്രറി ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും ആരംഭിച്ചതായി സെക്രട്ടറി ടി.ആര്‍. അജയന്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ രാത്രി ഏഴിന് പ്രധാന മലയാള കവികളെ പരിചയപ്പെടുത്തുന്ന കവി പരിചയം, മലയാളത്തിലെ കവികള്‍ അവതരിപ്പിക്കുന്ന സ്വന്തം കവിതകള്‍ , അന്തരിച്ച ഒരു കവിയുടെ കവിത എന്നിവ അവതരിപ്പിക്കുന്ന കാവ്യോത്സവം എന്നിവ അരങ്ങേറും. ഈ പരിപാടിയുടെ ഉദ്ഘാടനം പ്രസിദ്ധ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വഹിച്ചു.
എല്ലാ വെള്ളിയാഴ്ചകളിലും രാത്രി ഏഴിന് പ്രശസ്ത നിരൂപകര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകപരിചയം ഉണ്ടാവും. പരിപാടിക്ക് പ്രൊഫ . പി.എ. വാസുദേവന്‍ ആരംഭം കുറിച്ചു. ജനുവരി 13 മുതല്‍ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കവിത, കഥ, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ എന്നിവയെ പരിചയപ്പെടുത്തിക്കൊണ്ട് രാഘുനാഥന്‍ പറളി, ഡോ. പി.ആര്‍. ജയശീലന്‍, ഡോ .സി.ഗണേഷ്, രാജേഷ് മേനോന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. വായന, സാഹിത്യ വിചാരങ്ങള്‍, അനുസ്മരണങ്ങള്‍, കാലിക വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍, ശാസ്ത്ര പ്രഭാഷണങ്ങള്‍ എന്നിവയുമുണ്ടാകും.