പാലക്കാട്: ഒറ്റപ്പാലം ലെക്കിടി കിൻഫ്ര വ്യവസായ പാർക്ക് മാർച്ചിനുമുമ്പ് നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്‍റെ രണ്ടാംഘട്ട നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി അതിവേഗം നിർമാണം പൂർത്തിയാക്കിയാണ് ഉദ്‌ഘാടനം നടത്തുക. 7500 ചതുരശ്ര അടിയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് കെട്ടിടം, രണ്ട് ലക്ഷം ചതുരശ്ര അടിയിൽ കോമൺ ഫെസിലിറ്റി സെന്‍റർ, പ്രതിരോധ ഉപകരണങ്ങൾ സൂക്ഷിക്കാനായുള്ള മൂന്ന് വെയർഹൗസുകൾ, യൂട്ടിലിറ്റി സെന്‍റർ തുടങ്ങിയ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. ഇവിടേക്കുള്ള റോഡ്, വൈദ്യുതി സംവിധാനം, ജലവിതരണം എന്നിവയും പൂർത്തിയായി.
ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് പാർക്കാണ് 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സജ്ജമാകുന്ന കിൻഫ്ര. ഒറ്റപ്പാലം ലക്കിടിയിൽ 60 ഏക്കറിൽ തയ്യാറാവുന്ന ഡിഫൻസ് പാർക്ക് പ്രതിരോധ രംഗത്തേക്കുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ അണിയിച്ചൊരുക്കും. 191 കോടി ചെലവിൽ പടുത്തുയർത്തുന്ന പദ്ധതിക്കായി കേന്ദ്ര സർക്കാർ അനുവദിച്ചു നൽകിയ 50 കോടിയും സംസ്ഥാന സർക്കാരിന്‍റെ 141 കോടി രൂപയുമാണ് വിനിയോഗിക്കുന്നത്. പിഎസ്‌യു, ബിഎൻഎൽ, എച്ച്എഎൽ, കൊച്ചിൻ ഷിപ്പിയാർഡ് എന്നിവയ്‌ക്ക് ആവശ്യമുള്ള നിർമ്മാണ സാമഗ്രികളുടെ വിതരണമായിരിക്കും പ്രധാനമായും ഇവിടെ നിർവഹിക്കപ്പെടുക. സൈനിക വാഹനങ്ങളുടെ ഭാഗങ്ങൾ, വിമാന ഭാഗങ്ങൾ, തീരദേശ കെട്ടിടങ്ങൾക്കായുള്ള നിർമ്മാണ സാമഗ്രികൾ, യുദ്ധക്കപ്പലുകളുടെ ഭാഗങ്ങൾ, പ്രതിരോധ രംഗത്തെ ഐടി സേവനങ്ങൾ, കമ്യൂണിക്കേഷൻ സംവിധാനം, സുരക്ഷയ്ക്കായുള്ള വസ്ത്രങ്ങൾ എന്നിവയും പാർക്കിൽ വികസിപ്പിക്കും.