പാലക്കാട്: ധോണിയെ വിറപ്പിച്ച പിടി 7 കാട്ടാന നാട്ടിലേക്കിറങ്ങുന്നത് തടയാന്‍ വനാതിര്‍ത്തികളില്‍ കുങ്കിയാനകളെ വിന്യസിച്ച് വനംവകുപ്പ്. ദിവസേനയുള്ള റോന്ത് ചുറ്റലിന് പുറമെ ഇവയെ വനാതിര്‍ത്തികളില്‍ എത്തിച്ച് ആനയിറക്കം തടയുകയാണ് ലക്ഷ്യം. വയനാട് നിന്നെത്തിച്ച ഭരത്, വിക്രം എന്നീ കുങ്കികളുമായാണ് പരിശോധന തുടരുന്നത്.
ബത്തേരിയിലിറങ്ങിയ പിഎം2 വിനെ പിടികൂടുന്ന ദൗത്യം പൂര്‍ത്തിയായ സാഹചര്യത്തില്‍ വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സഖറിയ ഉടന്‍ തന്നെ ധോണിയില്‍ മടങ്ങിയെത്തും. ഞായറാഴ്‌ച ആനക്കൂടിന്‍റെ തൂണുകളിൽ മണ്ണിട്ട് വെള്ളമൊഴിച്ച് ഉറപ്പിക്കാനുള്ള പ്രവൃത്തി നടന്നു. കൂടിനകത്ത് യൂക്കാലി കൊണ്ട് പ്ലാറ്റ്‌ഫോം പണിതു.
തൂണുകള്‍ ഉറയ്‌ക്കാന്‍ രണ്ട് ദിവസം സമയം ആവശ്യമാണ്. കൂടിന്‍റെ തുടർ പ്രവര്‍ത്തികൾ തൂണുകൾ ഉറച്ചാൽ പൂർത്തിയാക്കും. കഴിഞ്ഞ ദിവസം ധോണിയിലോ പരിസരപ്രദേശങ്ങളിലോ പി ടി 7 ന്‍റെ സാന്നിധ്യമുണ്ടായിരുന്നില്ല. പകലും രാത്രിയും വയനാട് സംഘത്തിന്‍റ പരിശോധനയ്ക്ക് പുറമെ പ്രത്യേക പട്രോളിങ്ങുണ്ട്.