പാലക്കാട്: നെൽകൃഷി ചെയ്യാൻ ജലസേചന സൗകര്യം കുറവായതിനാൽ രണ്ടാം വിള നെൽ കൃഷി ഇറക്കാൻ സാധിക്കാതെ കർഷകർ പച്ചക്കറി കൃഷി ആരംഭിച്ചു. പട്ടാമ്പി കൊടലൂർ പാടശേഖരത്തിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. പ്രദേശത്ത് 30 ഏക്കറോളം സ്ഥലത്തെ രണ്ടാം വിള നെൽക്കൃഷി കൊയ്ത ശേഷം ജനവരി അവസാനത്തിൽ വിപുലമായ പച്ചക്കറി കൃഷി നടത്താറുണ്ട്. വെള്ളമില്ലാത്തതു കൊണ്ട് രണ്ടാം വിള നെൽ കൃഷി ചെയ്യാൻ സാധിക്കാത്ത സ്ഥലത്താണ് പച്ചക്കറി കൃഷിയിറക്കിയത്.
പച്ചക്കറി ക്ലസ്റ്ററിലെ 10 കർഷകർ ചേർന്നാണ് അഞ്ച് ഏക്കറിലായി പച്ചക്കറി കൃഷി തുടങ്ങിയത്. പയർ, വെണ്ട, മത്തൻ, വെള്ളരി, കുമ്പളം, കയ്പ, പടവലം, വഴുതന, കോവൽ എന്നിവയാണ് കൃഷി ചെയ്യുന്നത്. കർഷകർ കരുതി വെച്ചതും പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നു വാങ്ങിയതുമായ വിത്തുകളാണ് നട്ടത്. ചിലർ അത്യുല്പാദനശേഷിയുള്ള വിത്തുകളും ഉപയോഗിക്കുന്നുണ്ട്. ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. മഴ കനിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കർഷികോൽപന്നങ്ങള്‍ വിപണനം നടത്തുന്നതിനായി പട്ടാമ്പി ബ്ലോക്ക് ഓഫീസിൽ തുടങ്ങിയ ജീവനി കാർഷിക വിപണി കർഷകർക്ക് പ്രതീക്ഷ നൽകുന്നു.