പാലക്കാട്: സംസ്ഥാന സർക്കാർ ജനങ്ങളെ നികുതി കൊള്ളക്ക് വിധേയമാക്കുകയാണെന്ന് വി.കെ. ശ്രീകണ്‌ഠൻ എം.പി. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വിലക്കയറ്റവും തൊഴിലില്ലായ്‌മയും കൊണ്ട് പൊറുതിമുട്ടിയ ജനത്തിന് താങ്ങാനാവാത്ത നികുതി ഭാരം പ്രഖ്യാപിച്ച് ഏറ്റവും വലിയ ജനവിരുദ്ധ സർക്കാരാണ് എൽഡിഎഫ് സർക്കാരെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് വി കെ ശ്രീകണ്‌ഠൻ കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ സൗജന്യമായി നൽകിയ അരിക്ക് കിലോക്ക് രണ്ട് രൂപ വീതം ഈടാക്കി ജനങ്ങളെ വഞ്ചിച്ച സർക്കാരാണ് പിണറായി സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.ജന വിരുദ്ധ ബജറ്റിനെതിരെ കോൺഗ്രസ് പാലക്കാട്ടെ 102 വില്ലേജ് ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് കൊപ്പം വില്ലേജ് ഓഫീസിന് മുന്നിൽ വി.കെ. ശ്രീകണ്‌ഠൻ എം.പി നിർവഹിച്ചു.
വിവിധ വില്ലേജ് ഓഫിസുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരം കെപിസിസി വൈസ് പ്രസിഡന്‍റ് സി.പി മുഹമ്മദ്, ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ, എ. തങ്കപ്പൻ, മുൻ ഡിസിസി പ്രസിഡന്‍റ് വി.എസ്. വിജയരാഘവൻ, സി.വി. ബാലചന്ദ്രൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്‌തു.