പാലക്കാട്: ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ആലത്തൂർ നിയമസഭാമണ്ഡലം. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലാണ് ഇത് ഉൾപ്പെടുന്നത്. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെ പഴയ കുഴൽമന്ദം മണ്ഡലവും ആലത്തൂരും ചേർന്നതാണ് പുതിയ ആലത്തൂർ. ആകെ 164285 വോട്ടർമാരുള്ള മണ്ഡലത്തിൽ 82756 സ്ത്രീ വോട്ടർമാരും 81529 പുരുഷ വോട്ടർമാരുമാണ് ഉള്ളത്.
മണ്ഡലത്തിന്‍റെ ചരിത്രം
എൽഡിഎഫിന്‍റെ കുത്തകയായ മണ്ഡലത്തിൽ ഒരു തവണ മാത്രമാണ് കോൺഗ്രസ് വിജയിച്ചിട്ടുള്ളത്. 1957 മുതൽ 1987 വരെയുള്ള 30 വർഷം എൽഡിഎഫ് മുന്നണിയാണ് മണ്ഡലത്തെ നയിച്ചത്. 1957 മുതൽ 1970 വരെയുള്ള നാല് തെരഞ്ഞെടുപ്പുകളിൽ സിപിഐയുടെ ആർ കൃഷ്ണനാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 1977ൽ സിപിഎമ്മിൽ നിന്ന് ഐക്യകേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംസ് നമ്പൂതിരിപ്പാട് വിജയിച്ചു. 1980ലും 1982ലും സിപിഎം നേതാവ് സിടി കൃഷ്ണനാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 1987ൽ സിപിഎം നേതാവ് സികെ രാജേന്ദ്രൻ തെരഞ്ഞെടുപ്പിൽ വിജയിച്ചു.
പിന്നീട് 1991ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ കോട്ടയായിരുന്ന ആലത്തൂരിൽ കോൺഗ്രസ് വിജയിച്ചു. കോൺഗ്രസിന്‍റെ എവി ഗോപിനാഥനോട് കേവലം 338 വോട്ടുകൾക്കാണ് സിപിഎമ്മിന്‍റെ വി സുകുമാരൻ മാസ്റ്റർ പരാജയപ്പെട്ടത്. ഈ തെരഞ്ഞെടുപ്പിൽ 49512 വോട്ടുകളാണ് കോൺഗ്രസ് നേടിയത്. എൽഡിഎഫ് 49174 വോട്ടുകൾ തെരഞ്ഞെടുപ്പിൽ നേടി.
1996ൽ ചരിത്രം തിരുത്തിയെഴുതി. സികെ രാജേന്ദ്രൻ ആലത്തൂർ തിരിച്ചു പിടിച്ചു. 1996 മുതൽ 2016 വരെ മണ്ഡലത്തില്‍ എൽഡിഎഫ് മാത്രമാണ് വിജയിച്ചത്. 2001ൽ കോൺഗ്രസിന്‍റെ ആർ ചെല്ലമ്മയെ 12166 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോല്‍പ്പിച്ച് എൽഡിഎഫിന്‍റെ വി ചെന്താമരാക്ഷൻ വിജയിച്ചു. 2006 ലും 2011ലും സിപിഎമ്മിന്‍റെ എം ചന്ദ്രനാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. നിലവിൽ സിപിഎം നേതാവ് കെഡി പ്രസേനനാണ് മണ്ഡലത്തെ നയിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് 2016
2016ൽ കേരളാ കോൺഗ്രസ് എമ്മിന്‍റെ കെ കുശല കുമാറിനെ 36,060 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി എൽഡിഎഫിന്‍റെ കെഡി പ്രസേനൻ വിജയിച്ചു. 35,146 വോട്ടുകളാണ് യുഡിഎഫിന് വേണ്ടി മത്സരിച്ച കേരളാ കോൺഗ്രസ് എം തെരഞ്ഞെടുപ്പിൽ നേടിയത്. തെരഞ്ഞെടുപ്പിൽ ബിജെപി 19,610 വോട്ടുകൾ നേടിയിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പ് 2020
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ആറും എൽഡിഎഫിനെയാണ് പിന്തുണച്ചത്. കുഴൽമന്ദം മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, തേങ്കുറിശ്ശി, വണ്ടാഴി, മേലാർകോട് എന്നീ ഗ്രാമപഞ്ചായത്തുകളാണ് എൽഡിഎഫിനൊപ്പം നിന്നത്.