പാലക്കാട്: വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മാറുകയാണ് മലമ്പുഴ അണക്കെട്ടിനോട് ചേർന്നുകിടക്കുന്ന കവ. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തോട് ചേർന്നാണ് ഈ ചെറുഗ്രാമം സ്ഥിതിചെയ്യുന്നത്. കരിമ്പനകളും ജലാശയവും പശ്ചിമഘട്ട മലനിരകളുമൊക്കെയായി സുന്ദരമാണ് ഇവിടം.
വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഡാമിലെ ജലനിരപ്പ് കുറയുന്ന സമയത്ത് ഏറെ ദൂരം ഡാമിനുള്ളിലൂടെ നടക്കുവാനും സാധിക്കും. തമിഴ്‌നാട്ടിൽ നിന്നടക്കം കവയുടെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളെത്തുന്നു. മലമ്പുഴ-കഞ്ചിക്കോട് പാതയില്‍ നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന കവ പല സിനിമകൾക്കും ഷൂട്ടിങ് ലൊക്കേഷനായിട്ടുണ്ട്.