പാലക്കാട്: ചുറ്റും സൗരഭ്യം പരത്തുന്ന മുല്ലപ്പൂവ് ഇഷ്‌ടമല്ലാത്ത മലയാളികൾ കുറവാണ്. നിരവധി ആധുനിക പുഷ്‌പങ്ങൾ ഹൃദയം കീഴടക്കാൻ എത്തിയെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയം മുല്ലപ്പൂവിനോടാണ്.
എന്നാൽ മുല്ലപ്പൂവിനിന്ന് വിപണിയിൽ തൊട്ടാൽ പൊള്ളുന്ന വിലയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിപണിയില്‍ 3000 രൂപയ്ക്ക് മുകളിലാണ് മുല്ലപ്പൂവിന് വിലയുയര്‍ന്നത്. കഴിഞ്ഞയാഴ്ച മുല്ലപ്പൂവിന് കോയമ്പത്തൂരില്‍ 100 രൂപയും പാലക്കാട് 135 രൂപയുമായിരുന്നു. ഇന്നത് 3,132 രൂപയായി. എന്നാൽ വിപണിയിൽ മുല്ലപ്പൂവിന് വില കൂടിയെങ്കിലും മുല്ല കർഷകർ ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. മഞ്ഞും പതിവില്ലാതെയെത്തിയ മഴയുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. മഞ്ഞും മഴയും വില്ലനായെത്തിയപ്പോൾ ഇവയുടെ ഉത്‌പാദനം കുറയുകയും വിപണിയിലെ മൊത്തവില്‍പ്പനയെ ബാധിക്കുകയും ചെയ്‌തു.
കോയമ്പത്തൂരില്‍ നിന്നാണ് പാലക്കാട്ടേക്ക് മുല്ലപ്പൂവെത്തുന്നത്. തമിഴ്‌നാട്ടിലെ സത്യമംഗലം താലൂക്കിലുള്ള സിക്കരാസാം പാളയം, പുതുക്കയ്യനൂര്‍, പുതുവടക്കവള്ളി, ഭവാനി സാഗര്‍, താണ്ടംപാളയം, കെഞ്ചനൂര്‍ ഗ്രാമങ്ങളില്‍നിന്നാണ് കോയമ്പത്തൂരിലേക്ക് മുല്ലപ്പൂവെത്തുന്നത്. മൈസൂര്‍, തുങ്കൂര്‍, ഷിമോഗ, ബംഗളുരു എന്നിവിടങ്ങളിലേക്കും മുല്ലപ്പൂവെത്തുന്നതും ഇവിടെനിന്നാണ്. കനത്തമഞ്ഞിലും അപ്രതീക്ഷിതമായി പെയ്‌ത മഴയിലും പൂക്കള്‍ നശിച്ചു പോയതിനാൽ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ വിലകുറഞ്ഞ മുല്ലമൊട്ടുകള്‍ എത്തിച്ചിട്ടുണ്ട്. എന്നാൽ ഇവ വിരിഞ്ഞു കഴിഞ്ഞാല്‍ മാത്രമേ വിപണിയിലെ വില നിശ്ചയിക്കാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്.
കൊവിഡ് വ്യാപനവും ലോക്‌ഡൗണും മലയാളികളുടെ ആഘോഷത്തിന് മങ്ങലേൽപ്പിച്ചപ്പോൾ മുല്ലപ്പൂ കർഷകരെയാണ് ഇതേറ്റവുമധികം ബാധിച്ചത്. ക്ഷേത്രങ്ങള്‍ അടച്ചിട്ടതോടെ അവിടെയും മുല്ലപ്പൂ കർഷകരിൽ നിരാശയുണ്ടാക്കി. നവരാത്രി ഓഘോഷങ്ങളിൽ 50-60 രൂപ മാത്രമാണ് മുല്ലപ്പൂവിനുണ്ടായിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ വിവിധ ആഘോഷ പരിപാടികൾ ഉൾപ്പെടെ തിരിച്ചെത്തുമെന്നും അപ്രതീക്ഷിത വിലക്കയറ്റം ഗുണം ചെയ്യുമെന്നുമുള്ള പ്രതീക്ഷയിലാണ് മുല്ലപ്പൂ കർഷകർ.