പാലക്കാട്: ദേശീയ പാതയില്‍ കെ.എസ്.ആര്.ടി.സി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം മന്ദഗതിയിലെന്ന് ആക്ഷേപം. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി എം. സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
വഴിത്തിരിവായത് ക്യാമറ ദൃശ്യങ്ങൾ
ഫെബ്രുവരി 12നാണ് പ്രത്യേക സംഘത്തെ ജില്ല പൊലീസ് മേധാവി ചുമതലപ്പെടുത്തിയത്. ദേശീയപാത ചിതലി വെള്ളപ്പാറയില്‍ ഫെബ്രുവരി ഏഴിന് രാത്രിയാണ് കാവശേരി ഈടുവെടിയാല്‍ സ്വദേശി ആദര്‍ശ് മോഹന്‍ (23), സുഹൃത്തായ കാസര്‍കോട് ആഞ്ഞൂര് ആനന്ദാശ്രമം കാളിക്കടവ് സ്വദേശി കെ. സാബിത്ത് (26) എന്നിവര്‍ മരിച്ചത്. വലതുവശത്തുകൂടി പോകുന്ന ലോറിയെ ബൈക്കില്‍ മറികടക്കുന്നതിനിടയില്‍ പിറകെ വന്ന കെ.എസ്.ആര്.ടി.സി ബസിന്റെ പിറകുവശം ബൈക്കില്‍ ഇടിക്കുകയായിരുന്നു. ലോറിക്കും ബസിനുമിടയില്‍ കുടുങ്ങി ബൈക്ക് യാത്രികരായ രണ്ട് യുവാക്കളും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
READ MORE:വടക്കഞ്ചേരി അപകടം; യുവാക്കളുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബങ്ങൾ
ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചാണ് യുവാക്കള്‍ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ അപകടത്തില്‍പെട്ട വാഹനങ്ങള്‍ക്ക് പിന്നില്‍ വന്നിരുന്ന കാറിന്റെ മുന്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് അപകടത്തെക്കുറിച്ച് വ്യക്തത ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് യുവാക്കള്‍ മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ തൃശൂര്‍ പീച്ചി സ്വദേശി ഔസേപ്പിനെ (50) കുഴല്‍മന്ദം പൊലീസ് അറസ്റ്റ് ചെയത് ജാമ്യത്തില്‍ വിട്ടിരുന്നു. ആദ്യം അന്വേഷിച്ച കുഴല്‍മന്ദം പൊലീസ് കേസ് ദുര്‍ബലപ്പെടുത്തിയെന്നും മനഃപൂര്‍വമുള്ള നരഹത്യക്ക് കേസെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ്
സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയിരുന്നു. ഫെബ്രുവരി 14ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുക്കുകയും 15 ദിവസത്തിനകം ജില്ല പൊലീസ് ചീഫിനോട് റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കൂടാതെ സംഭവത്തില്‍ സംസ്ഥാന യുവജന കമ്മിഷന് കേസെടുക്കുകയും കമ്മിഷന് അംഗം അഡ്വ. ടി. മഹേഷ് കഴിഞ്ഞ ദിവസം കാവശേരിയിലെ കുടുബാംഗങ്ങളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
READ MORE: വടക്കഞ്ചേരിയില്‍ രണ്ട് പേർ മരിച്ച അപകടം ; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് സസ്പെൻഷൻ
അതേസമയം അന്വേഷണം നടക്കുന്നതായും ബസിലെ യാത്രക്കാരില്‍നിന്നും വിശദമായ മൊഴിയെടുക്കല്‍ പുരോഗമിക്കുന്നതായും ഡി.വൈ.എസ്.പി സുകുമാരന്‍ പറഞ്ഞു. സംഭവസമയം ബസില്‍ 22ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പാലക്കാട് കാടാങ്കോടിന് സമീപം ബസ് ഡ്രൈവറും ബൈക്ക് യാത്രക്കാരായ യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി ബസിലെ യാത്രക്കാരില്‍ ചിലര്‍ പറയുന്നുണ്ട്. യാത്ര തുടരുന്നതിനിടെ പലതവണ ബസും ബൈക്കും മുന്നിലും പിന്നിലുമായി വന്നിരുന്നതായും പറയുന്നു. ഇത് അറിയുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ദേശീയപാതയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ പരിശോധിക്കേണ്ടതുണ്ട്.