പാലക്കാട് : മുട്ടിക്കുളങ്ങര സ്വദേശിയെ അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന യുഎഇ ദിർഹം തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നുലക്ഷം രൂപ തട്ടിയ കേസിൽ ആറ് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. മുംബൈ ധാരാവി സ്വദേശി റുക്കൻ ഷുക്കൻ മൊല്ല(35) പശ്ചിമ ബംഗാൾ സ്വദേശികളായ മുഹമ്മദ് അസറുദ്ദീൻ മുല്ല(30), റഹീം അലി മുല്ല(41), മുഹമ്മദ് റൂഹുൽ അമീൻ(26), അബ്‌ദുൽ സലാം(39), മഹാരാജ് ഹുസ്സൈൻ(27) എന്നിവരെ ടൗൺ സൗത്ത് പൊലീസ് കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്‌തു.
ഈ മാസം 18നാണ് കേസിനാസ്‌പദമായ സംഭവം. ദിർഹം തരാമെന്ന് വിശ്വസിപ്പിച്ച് മുട്ടിക്കുളങ്ങര സ്വദേശിയെ സ്റ്റേഡിയം ബൈപ്പാസിന് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തു. തുടർന്ന് പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നു.
സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് കോയമ്പത്തൂർ ജി.എം നഗറിലെ ബഡാ മസ്‌ജിദ് എന്ന സ്ഥലത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇൻസ്‌പെക്‌ടർ ടി. ഷിജു എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.