പാലക്കാട് : വിദ്യാർഥികൾ കോളജിലായിരിക്കുമ്പോൾ അസുഖ ബാധിതരായാൽ ആശുപത്രിയിലെത്തിച്ച ശേഷം ഉത്തരവാദിത്തത്തിൽ നിന്ന് ജീവനക്കാർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇത് ആവർത്തിക്കാതിരിക്കാൻ താക്കീതോടുകൂടി സർക്കുലർ പുറത്തിറക്കണമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്‌ടറോട് കമ്മിഷൻ നിര്‍ദേശിച്ചു.
അരിവാൾ രോഗത്താൽ ഗുരുതരാവസ്ഥയിലായ വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളജിലെത്തിച്ച ശേഷം നിരുത്തരവാദപരമായി മടങ്ങിയ പാലക്കാട് വിക്ടോറിയ കോളജ് അധികൃതർക്കെതിരെ വകുപ്പ് അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്‌ത സാഹചര്യത്തിലാണ് കമ്മിഷൻ അംഗം കെ ബൈജുനാഥിന്‍റെ നിർദേശം.
ALSO READ: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പിളർപ്പിലേക്ക്
2019 സെപ്റ്റംബർ 26ന് അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗക്കാരിയായ ബിരുദ വിദ്യാർഥിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് ത്യശൂർ മെഡിക്കൽ കോളജിലും എത്തിച്ചു. ഇതിനുശേഷം അധ്യാപകരും സഹപാഠിയും വിദ്യാർഥിയെ തനിച്ചാക്കി ആശുപത്രിയിൽ നിന്ന് മടങ്ങി.
വിഷയത്തിൽ കോളജ് അധികൃതരും ജീവനക്കാരും ലാഘവത്തോടെയും മനുഷ്യത്വമില്ലാതെയും ഇടപെട്ടതായി കമ്മിഷൻ വിലയിരുത്തി. വിദ്യാർഥികൾക്കും സമൂഹത്തിനും മാതൃകയാകേണ്ടവരാണ് ഇത്തരത്തിൽ നിരുത്തരവാദപരമായി പെരുമാറിയതെന്ന് കമ്മിഷൻ ഉത്തരവിൽ പറയുന്നു.