പാലക്കാട്: കനത്ത മഴയിൽ പാലക്കാട് ജില്ലയിൽ വ്യാപകമായ കൃഷി നാശം. 7333 ഹെക്ടർ വിളകൾ നശിച്ചു. 31 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കൃഷിവകുപ്പിന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
ആലത്തൂർ, ചിറ്റൂർ, കുഴൽമന്ദം, മണ്ണൂർ മേഖലയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. 699 ഹെക്ടർ സ്ഥലത്തെ നെൽപ്പാടം വെള്ളത്തിനടിയിലായി. ഓണം വിപണി ലക്ഷ്യമാക്കി ചെയ്തിരുന്ന പച്ചക്കറികൃഷിക്കും വ്യാപക നഷ്ടമുണ്ടായി. 273 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷി നശിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ക്ഷേത്രക്കുളത്തിന്റെ ഭിത്തി തകർന്നു മാങ്കുറിശ്ശിയിൽ ഏക്കറുകളോളം നെൽകൃഷി വെള്ളത്തിലായി.
മണ്ണൂർ പഞ്ചായത്തിലെ പെരിയകുന്നിൽ കൃഷിയിടത്തിൽ മണ്ണ് നിറഞ്ഞ് വ്യാപക കൃഷി നാശമുണ്ടായി. ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി മണ്ണെടുത്ത കൃഷിയിടങ്ങളിലാണ് വെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞത്. ഒന്നാംവിള കൃഷിയിറക്കി 80 ദിവസം കഴിയുമ്പോഴാണ് മഴ നാശം വിതച്ചത്. കണക്ക് പ്രകാരം 53300 വാഴകളും 11830 റബറും 16650 കുരുമുളക് ചെടികളും നശിച്ചിട്ടുണ്ട്.