പാലക്കാട്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിത്യ ചെലവിന് വഴിമുട്ടിയ ജിംനേഷ്യം ഉടമ മാസ്‌ക് വില്‍പന ആരംഭിച്ചു. പാലക്കാട് നഗരത്തില്‍ സ്വന്തമായി രണ്ട് ജിംനേഷ്യങ്ങള്‍ നടത്തുന്ന പാലക്കാട് സ്വദേശിയായ കുട്ടനാണ് മാസ്‌ക് വില്‍പന നടത്തുന്നത്. പാലക്കാട് വിക്‌ടോറിയ കോളജിന് സമീപവും ചന്ദ്രാ നഗറിലുമാണ് കുട്ടന്‍റെ സ്ഥാപനങ്ങള്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏക വരുമാന മാര്‍ഗമായ ജിമ്മുകള്‍ അടച്ചപ്പോള്‍ മറ്റ് വഴിയില്ലാതായതോടെയാണ് മാസ്‌ക് വില്‍പന ആരംഭിച്ചതെന്ന് കുട്ടന്‍ പറയുന്നു. ഇത് കുട്ടന്‍റെ മാത്രം അവസ്ഥയല്ല. ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധിയാളുകളുടേതും കൂടിയാണ്.
ജിമ്മുകളില്‍ വ്യായാമം ചെയ്യുന്നവരില്‍ പൊതുവെ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. ഇത്തരക്കാരില്‍ കൊവിഡ് രോഗമുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടപ്പിക്കണമെന്നില്ല. ഇത് കണക്കിലെടുത്തും സാമൂഹ്യ അകലം പാലിക്കണമെന്നതും മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്തെ ജിമ്മുകള്‍ അടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ട് ജിംനേഷ്യത്തിലുമായി ഏകദേശം 40 ലക്ഷം രൂപയിലധികം വിലവരുന്ന ഉപകരണങ്ങളുണ്ട്. കൊവിഡ് വ്യാപനമുണ്ടാകുന്നതിന് നാളുകള്‍ക്ക് മുമ്പാണ് രണ്ടാമത്തെ സ്ഥാപനം ആരംഭിക്കുന്നത്. കരുതിവെച്ചതും ബാങ്ക് ലോണുകളും മുടക്കിയാണ് സ്ഥാപനം ആരംഭിച്ചതെന്ന് കുട്ടന്‍ പറയുന്നു. ഇപ്പോള്‍ ബാങ്ക് വായ്‌പ തിരിച്ചടവും കെട്ടിട വാടകയുമടക്കം വലിയ ബാധ്യതയാണ് ഇദ്ദേഹത്തിനുള്ളത്. രണ്ട് കുട്ടികളും ഭാര്യയും അച്ഛനുമടങ്ങുന്നതാണ് കുട്ടന്‍റെ കുടുംബം.