പാലക്കാട്: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പാലക്കാട്ടെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ജാഗ്രത നിർദേശം പാലിക്കുന്നില്ല. പാലക്കാടിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന ചെക്ക് പോസ്റ്റുകളിൽ ഒന്നാണ് ഗോവിന്ദാപുരം.
പൊള്ളാച്ചി, പഴനി, മധുര തുടങ്ങിയ തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നെല്ലാം പാലക്കാട്ടേക്ക് പ്രവേശിക്കുന്നത് ഈ ചെക്ക് പോസ്റ്റ് വഴിയാണ്. എന്നാൽ ഇവിടെ യാതൊരുവിധ പരിശോധനയും ഇപ്പോൾ നടക്കുന്നില്ല. ഓരോ മണിക്കൂറിലും നൂറുകണക്കിന് വാഹനങ്ങളാണ് ഈ ചെക്പോസ്റ്റ് വഴി കടന്നു പോകുന്നത്.
വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിച്ചാണോ യാത്ര, മാസ്‌ക് ധരിച്ചിട്ടുണ്ടോ, രോഗലക്ഷണങ്ങൾ ഉള്ളവരുണ്ടോ, ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പോലും നിരീക്ഷിക്കുന്നില്ല. ഒരു പൊലീസുകാരനെ മാത്രമാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർ കോവിഡ് പ്രതിരോധത്തിൽ വരുത്തുന്ന വീഴ്‌ചയും അപകടകരമാണ്. പലരും ഇവിടെ മാസ്‌ക് ധരിക്കാൻ കൂട്ടാക്കുന്നില്ല, സാമൂഹ്യ അകലവും കൃത്യമായി പാലിക്കപ്പെടുന്നില്ല. തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന ബസ് ഡ്രൈവർമാരടക്കം മാസ്‌ക് ധരിക്കാതെയാണ് പ്രദേശത്തെ കടകളിലേക്കും മറ്റും കയറുന്നത്.
ഗോവിന്ദാപുരത്തുനിന്ന് പാലക്കാട് നഗരത്തിലേക്ക് ഓരോ മണിക്കൂറിലും സ്വകാര്യബസുകൾ സർവീസ് നടത്തുന്നുണ്ട്. ഈ ബസുകളിലടക്കം മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ കാണാം. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാൻ അതിർത്തിയിൽ പോലീസ് ഉദ്യോഗസ്ഥരെയും കാണാനില്ല. അതിർത്തി മേഖലയിൽ ഉണ്ടാവുന്ന ഇത്തരം ജാഗ്രത കുറവുകൾ വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.