പാലക്കാട്: ജില്ലയിൽ കൊവിഡ് 19 ചികിത്സയിലുണ്ടായിരുന്ന നാലുപേർ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇന്ന് വൈകിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്. ചാലിശേരി, കിഴക്കഞ്ചേരി, ഒറ്റപ്പാലം, കാരാകുറുശി സ്വദേശികളാണ് ആശുപത്രി വിട്ടത്. മാർച്ച് 28ന് രോഗം സ്ഥിരീകരിച്ച കിഴക്കഞ്ചേരി സ്വദേശിയുടെയും ഏപ്രിൽ ഒന്നിന് രോഗം സ്ഥിരീകരിച്ച ചാലിശേരി സ്വദേശിയുടെയും രണ്ടാമത്തെയും മൂന്നാമത്തെയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഒറ്റപ്പാലം, കാരാകുറുശി സ്വദേശികളുടെ രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ് ആയതിനെ തുടർന്ന് രണ്ടു തവണ കൂടി പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.
മാർച്ച് 24നാണ് ഒറ്റപ്പാലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 25ന് കാരാകുറുശി സ്വദേശിയും വൈറസ് ബാധിതനെന്ന് കണ്ടെത്തി. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന കാരാകുറുശി സ്വദേശിയുടെ മകനും കെഎസ്ആർടിസി ബസ് കണ്ടക്ടറും ആയിരുന്ന വ്യക്തിക്ക് കഴിഞ്ഞ ദിവസം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇയാളും ആശുപത്രി വിട്ടു. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവർക്കും രോഗബാധയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ കൂടിയാണ് ചികിത്സയിലുള്ളത്.