പാലക്കാട്: ഒറ്റപ്പാലത്ത് ഒരു കുടുംബത്തിലെ നാല് പേരെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറം മുണ്ടൻഞാറ വിളക്കത്തറ വീട്ടിൽ അജിത്‌കുമാർ (38), ഒപ്പം താമസിച്ചിരുന്ന വിജിത (36), വിജിതയുടെ മക്കളായ ആര്യനന്ദ (14), അശ്വനന്ദ (6) എന്നിവരുടെ മൃതദേഹമാണ് ലെക്കിടി പാലത്തിനു സമീപം ഭാരതപ്പുഴയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്‌ച രാവിലെ മുതലാണ് ഇവരെ കാണാതായത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോൾ ‘ഞങ്ങൾ കുടുംബ സമേതം ആത്മഹത്യ ചെയ്യുകാണ്' എഴുതിയ കുറിപ്പ് ലഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ മൂന്നു ജോഡി ചെരുപ്പും മാസ്‌കും മൊബൈൽ ഫോണും ഒരു ഷാളും പുഴക്കരയിൽ നിന്ന് ലഭിച്ചു.
തുടർ തെരച്ചിലിൽ മൃതദേഹങ്ങൾ ഉച്ചയോടെ കണ്ടെടുക്കുകായിരുന്നു. അജിത്കുമാർ, വിജിത എന്നിവരുടെ കൈകൾ പരസ്‌പരം കെട്ടിയ നിലയിലായിരുന്നു. നാട്ടുകാരും ഷൊർണൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്.
തൃശൂർ പേരാമംഗലം സ്വദേശിനിയായ വിജിത കുട്ടികളുമായി രണ്ടു വർഷമായി അജിത്കുമാറിനൊപ്പം താമസിക്കുകയാണ്. വിജിതയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടികളാണ് ആര്യനന്ദയും അശ്വനന്ദയും. ലെക്കിടി രാമകൃഷ്ണപടിയിലുള്ള വാടക വീട്ടിലാണ് ഇപ്പോൾ താമസം.
2012ൽ മാലമോഷണത്തിനായി ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അജിത് കുമാർ. വിയ്യൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ വിചാരണ നടന്നുവരികയാണ്. കൂടാതെ കഞ്ചാവ് കേസുകളിലും ഇയാൾ പ്രതിയാണ്. ബാർബർ തൊഴിലാളിയാണ് അജിത് കുമാർ. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.