പാലക്കാട്: ജില്ലയിൽ വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലായി 10,395 കിടക്കകൾ സജ്ജമാക്കി. പഞ്ചായത്ത്, നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ 8845 കിടക്കകളാണ് തയ്യാറാക്കിയത്. ഇതിനുപുറമേ കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ 1000, മാങ്ങോട് കേരള മെഡിക്കൽ കോളജിൽ 300, പാലക്കാട് മെഡിക്കൽ കോളജിൽ 100, ജില്ലാ താലൂക്ക് ആശുപത്രിയിൽ 150 എങ്ങിനെയും കിടക്കകൾ തയ്യാറാക്കി. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് അതിവേഗം ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ ഒരുക്കിയിരിക്കുന്നത്.
ചികിത്സാ കേന്ദ്രത്തിലേക്കുള്ള കട്ടിൽ, കിടക്ക ഉൾപ്പെടെ സൗകര്യങ്ങൾ സംഭാവന ചെയ്യാൻ തയ്യാറായി നിരവധി പേർ രംഗത്തു വരുന്നുണ്ട്. ചികിത്സാ സൗകര്യം ഒരുക്കാൻ പണം തടസമാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. സ്പോൺസർഷിപ്പ് ലഭിച്ചില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതി ഫണ്ട് ഇതിനായി ഉപയോഗിക്കാം. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയും ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾക്കായി ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.