പാലക്കാട്: 20 രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച പാലക്കാടൻ മണ്ണിൽ കൊടിയിറക്കം. കൊവിഡ് പശ്ചാത്തലത്തില്‍, ചരിത്രത്തിലാദ്യമായി പാലക്കാടിന് ലഭിച്ച മേള സംഘാടനമികവ് കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. വിവിധ മേളകളിൽ പ്രേക്ഷക പ്രീതി നേടിയതും ഓസ്കാർ നോമിനേഷൻ ലഭിച്ചതുമായ ചിത്രങ്ങൾ ഉൾപ്പടെ 80 സിനിമകൾ പ്രദർശിപ്പിച്ച മേളയിൽ വൈഫ് ഓഫ് എ സ്പൈ, ദ മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ, ക്വാ വാഡിസ് ഐഡ, ഡിയർ കോമ്രേഡ്സ്, റോം തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷക ഹൃദയം കവർന്നു. ചുരുളി, ഹാസ്യം, ബിരിയാണി തുടങ്ങിയ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധ ആകർഷിച്ചു .
വൈകിട്ട് ആറിന് പ്രിയാ തിയേറ്ററിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനാകുന്ന ചടങ്ങിൽ ആർട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോൾ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. അക്കാദമി നിർവ്വാഹക സമിതി അംഗങ്ങളായ സിബി മലയിൽ, വികെ ജോസഫ്, സെക്രട്ടറി അജോയ്‌ചന്ദ്രൻ എന്നിവരും പങ്കെടുക്കും. സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തിൽ സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും. അഞ്ച് തിയേറ്ററുകളിലായി 19 ചിത്രങ്ങളാണ് പാലക്കാട്ടെ മേളയുടെ അവസാന ദിവസത്തില്‍ പ്രദര്‍ശനത്തിനുള്ളത്.