പാലക്കാട്: വിഷു വിപണി ലക്ഷ്യമിട്ടിറക്കിയ കൃഷിയിലെ ആദ്യ വിളവെടുപ്പ് സാമൂഹ്യ അടുക്കളയിലേക്ക് കൈമാറി പട്ടാമ്പി കൊടലൂരിലെ കർഷകർ. ലോക്‌ഡൗണിൽ പച്ചക്കറി വിപണന സാധ്യത കുറഞ്ഞെങ്കിലും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകുന്നതിന്‍റെ സംതൃപ്തിയിലാണിവർ.
പട്ടാമ്പി കൊടലൂരിൽ എ ഗ്രേഡ് ക്ലസ്റ്ററിന് കീഴിൽ 14 ഏക്കർ സ്ഥലത്ത് 30 കർഷകർ ചേർന്നാണ് ജൈവ പച്ചക്കറി കൃഷിയിറക്കിയത്. രണ്ടു മാസത്തിന് ശേഷമാണ് ആദ്യ വിളവെടുപ്പ് നടന്നത്. സമൂഹ അടുക്കളയിൽ ഏകദേശം ഒരാഴ്‌ച ഭക്ഷണമുണ്ടാക്കാനുള്ള പച്ചക്കറികൾ ആദ്യ വിളവെടുപ്പിൽ നിന്നും കർഷകർക്ക് ലഭിച്ചിട്ടുണ്ട്. വിപണനത്തെ ലോക്‌ഡൗൺ നേരിയ തോതിൽ ബാധിച്ചെങ്കിലും പ്രദേശവാസികൾക്ക് വിൽപന നടത്തി താൽകാലിക ആശ്വാസം കണ്ടെത്തുകയാണ് കർഷകർ.