പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ മുൻ ഡെപ്യൂട്ടി കമാൻഡർ സുരേന്ദ്രൻ്റെ ജാമ്യാപേക്ഷയിൽ കോടതി ശനിയാഴ്ച വിധി പറയും. ബുധനാഴ്ച സമർപ്പിച്ച ജാമ്യപേക്ഷ പരിഗണിച്ചെങ്കിലും വിധി പ്രസ്താവം ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്‍ റിമാന്‍ഡിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനൊപ്പം പട്ടികജാതി-പട്ടികവർഗ പീഢന നിരോധന നിയമവും ഉൾപ്പെടുത്തിയിട്ടുണ്ട്. സുരേന്ദ്രനും പട്ടിക ജാതി - പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടയാളാണ്.
ഏഴ് പൊലീസുകാരിൽ രണ്ട് പൊലീസുകാരും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. ചൊവ്വാഴ്ചയാണ് കല്ലേക്കാട് ക്യാമ്പിന് സമീപത്തെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് ജില്ലാ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ വിഭാഗം പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. കേസിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ട് സജിനിയും കുടുംബാംഗങ്ങളെയും പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.