പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മലയാളികളുടെ എണ്ണം കുറഞ്ഞതോടെ വാളയാറിലെ പരിശോധന കൗണ്ടറുകളുടെ എണ്ണവും കുറച്ചു. പകൽ 12 ഉം രാത്രി എട്ട് കൗണ്ടറുമാണ് ഇനി പ്രവർത്തിക്കുക. ഇതിൽ രണ്ട് കൗണ്ടറുകൾ കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ പരിശോധനയ്ക്കുള്ളതാണ്.
മുമ്പ് പകൽ 16 ഉം രാത്രി 10 കൗണ്ടറുമായിരുന്നു പ്രവർത്തിച്ചിരുന്നത്. വാളയാറിൽ ജോലി ചെയ്തിരുന്നു ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചതിനാൽ നിരവധി ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം വർധിച്ചാൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.