പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് കരുതരുതെന്നും അത് ഉത്തരത്തെ പിടിച്ചു നിര്‍ത്തുന്നത് താനാണ് എന്ന് കരുതുന്നതു പോലത്തെ മൗഢ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിസിയെ പിരിച്ചുവിടാൻ ചാൻസലർക്ക് ചട്ടപ്രകാരം അധികാരമില്ല. അതിനാൽ വിസിമാരോട് രാജിവെക്കാനോ അവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടാനോ കേരള ഗവർണർക്ക് നിയമപരമായ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യ സര്‍ക്കാരുകളെ നോക്കു കുത്തിയാക്കി പിന്‍വാതില്‍ ഭരണം നടത്താമെന്ന് ആരും മോഹിക്കേണ്ടതില്ല. വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന് ഒരു ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ അങ്ങനെയങ്ങ് രാജിവയ്ക്കാനാകില്ലെന്ന് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കടന്നു കയറ്റങ്ങളെ അക്കാദമിക സമൂഹവും പൊതു സമൂഹവും നേരിടുക തന്നെ ചെയ്യും.
സര്‍വകലാശാലകളെ സ്‌തംഭിപ്പിക്കാനുള്ളതല്ല ചാന്‍സലര്‍ സ്ഥാനം. സെര്‍ച്ച് കമ്മിറ്റി യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ ഒരാളെ ഗവര്‍ണര്‍ക്ക് എങ്ങനെ അയോഗ്യനാക്കാനാകും. സുപ്രീം കോടതിക്കു മുന്നിലില്ലാത്ത കേസുകളില്‍ ഇത്തരത്തിലായിരിക്കും വിധിയെന്ന് ഊഹിക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് പ്രത്യേക സിദ്ധിയാണുള്ളത്. ചാന്‍സലര്‍ അറിയാതെയാണ് ഈ വിസി നിയമനങ്ങള്‍ എന്ന് ഗവര്‍ണര്‍ക്ക് പറയാനാകുമോ.
ഈ വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ കോടതി ഒരു എതിരഭിപ്രായവും പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ എങ്ങനൊണ് ഇവര്‍ അയോഗ്യരെന്ന് ഗവര്‍ണര്‍ക്ക് പറയാന്‍ കഴിയുക. വൈസ് ചാന്‍സലറെ നീക്കം ചെയ്യുന്നതു സംബന്ധിച്ച് കൃത്യമായ നിയമങ്ങളുണ്ട്, പെട്ടെന്ന് എനിക്കൊരു ദിവസം ഒരു തോന്നലുണ്ടായി എന്ന് ഒരു ഗവര്‍ണര്‍ പറഞ്ഞാല്‍ അങ്ങനെയങ്ങ് ഇറങ്ങിപ്പോകാനാകില്ല, അവര്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.