പാലക്കാട് : ബജറ്റിൽ സര്‍ക്കാര്‍ രണ്ട് കോടി രൂപ ലോക സമാധാനത്തിനുവേണ്ടി മാറ്റിവച്ചതില്‍ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്തുടനീളം രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന സിപിഎം ബജറ്റിൽ ലോക സമാധാനത്തിനായി തുക മാറ്റിവയ്ക്കുന്നതുപോലുള്ള പൊറാട്ട് നാടകങ്ങൾ അവസാനിപ്പിക്കണമെന്ന് വി. മുരളീധരൻ പറഞ്ഞു.
യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ കൊലപാതകം വെളിവാക്കുന്നത് കേരളത്തിൽ ക്രമസമാധാനം പാടെ തകർന്നുവെന്നാണ്. തുടർഭരണം എന്നാൽ തുടർച്ചയായി കൊലപാതകങ്ങൾ നടത്താനുള്ള ലൈസൻസ് ആയി സിപിഎം ധരിക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കെ.എൻ ബാലഗോപാലിനും അൽപമെങ്കിലും ഉളുപ്പുണ്ടായിരുന്നെങ്കില്‍ പ്രതിപക്ഷ പാർട്ടി പ്രവർത്തകനെ കൊന്നൊടുക്കിയ ദിവസം തന്നെ ലോക സമാധാനത്തിന് രണ്ടുകോടി രൂപ മാറ്റിവയ്ക്കുന്നുവെന്ന പ്രഖ്യാപനം നടത്തുമായിരുന്നില്ല. ആദ്യം കേരളത്തിലാണ് പിണറായി സമാധാനം ഉണ്ടാക്കേണ്ടത്.
ബിജെപിക്കാരനായതിനാലാണ് അരുൺ കുമാറിനെ സിപിഎം കൊല ചെയ്തത്. ഈ സിപിഎം നിലപാടിനെ കുറിച്ചാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. അതിനെതിരെ ഏറ്റവും കലിതുള്ളിയത് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആണെന്നും വി.മുരളീധരൻ വിമർശിച്ചു.
ഇടുക്കി സിപിഎം ജില്ല സെക്രട്ടറി കെപിസിസി പ്രസിഡന്‍റിനെതിരെ കൊലവിളി നടത്തി. ഇപ്പോഴും വി.ഡി സതീശന്, പിണറായി ഭരണത്തിൽ കേരളം മാതൃകയാണെന്ന അഭിപ്രായമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.