പാലക്കാട് : ഒഡിഷയിൽ നിന്ന് ആലുവയിലേക്ക് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. അസം സിംഗിമാരി സ്വദേശി മുകീബുർ റഹ്മാൻ (25), കണ്ടംമാൽ സ്വദേശിനി തനു നായക് (20) എന്നിവരെയാണ് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും ചേർന്ന് അറസ്റ്റ് ചെയ്തത്. പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ധൻബാദ് ആലപ്പുഴ എക്‌സ്പ്രസിൽ നിന്ന് പരിശോധന ഭയന്ന് അതിവേഗം പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി സ്റ്റേഷന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇരുവരും കുടുങ്ങിയത്. ട്രോളി ബാഗിലാക്കിയാണ് ഇവര്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ആലുവ ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കും ചില്ലറ വിൽപ്പനക്കാർക്കും നൽകാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു.
also read: 'റൗഡി പിക്‌ചേഴ്‌സ്'... നയൻതാരയെയും വിഘ്‌നേഷ് ശിവനെയും അറസ്റ്റ് ചെയ്യണമെന്ന് പരാതി
മുമ്പും ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്. ആർപിഎഫ് സിഐ എൻ കേശവദാസ്, എസ്ഐ എ പി ദീപക്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ ശ്രീനിവാസൻ, ആർപിഎഫ് എസ്ഐമാരായ കെ സജു, സജി അഗസ്റ്റിൻ, ഹെഡ്കോൺസ്റ്റബിൾ എൻ അശോക്, എക്സൈസ് പ്രിവന്‍റീവ് ഓഫിസർ എം കെ മണികണ്ഠൻ, ആർപിഎഫ് കോൺസ്റ്റബിൾമാരായ വി സവിൻ, അബ്ദുൾ സത്താർ, വനിത കോൺസ്റ്റബിൾ വീണ ഗണേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം കെ കൃഷ്ണമൂർത്തി, കെ രഞ്ജിനി എന്നിവരാണ് പരിശോധനയ്‌ക്കുണ്ടായിരുന്നത്.