പാലക്കാട്: ജില്ലയിൽ പട്ടികവർഗ വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതി പുനരാരംഭിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്‌ടറാണ് പ്രഭാത ഭക്ഷണ പദ്ധതി പുനരാരംഭിക്കുന്നതിന് സ്‌കൂളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ക്രിസ്‌മസ് അവധിക്ക് ശേഷം പ്രഭാതഭക്ഷണ പദ്ധതി പുനരാരംഭിക്കണമെന്നും ഇതിനായുള്ള തുക ജില്ല പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇ മെയിൽ വഴി വിദ്യാഭ്യാസ സ്ഥാപന മേധാവികളെ അറിയിച്ചു.
പ്രഭാതഭക്ഷണ പദ്ധതി പുനരാരംഭിക്കാത്തത് സംബന്ധിച്ച് 2021 ഡിസംബർ 19ന് ഇടിവി ഭാരത് വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.
കൊവിഡില്‍ അടച്ചിട്ട വിദ്യാലയങ്ങൾ പുനഃരാരംഭിച്ച ശേഷം പ്രഭാത ഭക്ഷണം വിതരണം നടക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. വിദ്യാലയങ്ങളിലെത്താന്‍ ദൂരം കൂടുതലുള്ള പലരും പ്രാതൽ ഒഴിവാക്കുന്നത് പതിവാണ്. ഇങ്ങനെയെത്തുന്ന കുട്ടികളിൽ ചിലർ തലകറങ്ങി വീഴുന്ന സംഭവങ്ങൾ ഉണ്ടായതോടെയാണ് പദ്ധതി പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തമായത്.
എന്നാല്‍, ഈ അധ്യയന വർഷം വിദ്യാലയങ്ങൾ തുറക്കാൻ സാധ്യതയില്ല എന്നു കണ്ട്, ഫണ്ട് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചെന്നായിരുന്നു ജില്ല പഞ്ചായത്തിന്‍റെ വിശദീകരണം.