പാലക്കാട്: ജീവിതയാത്രയിൽ സ്വയം വഴി തെറ്റിയും മറ്റുള്ളവർ വഴിതെറ്റിച്ചും എത്തിയവരുമാണ് ജയിലിലെ തടവുകാരെന്ന് പാലക്കാട് ജില്ല ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ. ജില്ല ജയിലിലെ യുവാക്കൾക്കായി സംഘടിപ്പിച്ച 'വഴികാട്ടി' ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത സാമ്പത്തിക ആഗ്രഹം കൊണ്ടാണ് യുവാക്കളിൽ പലരും മയക്കുമരുന്ന് കടത്ത് നടത്തുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന്‍റെ നേർവഴി പദ്ധതിയുടെ ഭാഗമായാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ജില്ല പ്രൊബേഷൻ ഓഫീസർ കെ.ആനന്ദൻ അധ്യക്ഷനായി. ജന്മനാ ആരും തന്നെ കുറ്റവാളികളാവുന്നില്ലെന്നും സാഹചര്യമാണ് കുറ്റവാളികളാക്കുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ലീഡ് കോളജ് ചെയർമാൻ ഡോ.തോമസ് ജോർജ്ജ്, അശോക് നെന്മാറ, പ്രൊബേഷൻ ഓഫീസർ സജിത, കോ-ഓർഡിനേറ്റർ അമൃത എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസുകളും നടന്നു.