പാലക്കാട്: വർഷങ്ങളായി കൃഷി ചെയ്തു വരുന്ന ഭൂമി ഇനി മുതല്‍ സ്വന്തമല്ലെന്ന് അറിയുമ്പോൾ ഇവരുടെ ഉള്ളില്‍ ആധിയാണ്. കാരണം കൃഷി മാത്രമല്ല, അതോടൊപ്പം ഇല്ലാതാകുന്നത് കിടപ്പാടം കൂടിയാണ്. കാടിന്‍റെ മക്കളാണ്, ഇനി കാട് കയറേണ്ടി വരുമോ എന്ന ആശങ്കയിലാണ് അട്ടപ്പാടി ഷോളയൂർ ബോഡിച്ചാള ഊരിലെ ബാലനും വസന്താമണിയും. കിടപ്പാടം നഷ്ടമാകുന്ന ആദിവാസി കുടുംബത്തിന്‍റെ കഥ ഇങ്ങനെയാണ്. കോട്ടത്തറ വില്ലേജ് പരിധിയില്‍ ബാലനും വസന്താമണിയും ഭൂനികുതി നല്‍കി വർഷങ്ങളായി താമസിച്ച് കൃഷി ചെയ്യുന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം വനംവകുപ്പ് ജെണ്ട കെട്ടുന്നതിനുള്ള അതിർത്തി തിരിച്ച് കുറ്റി സ്ഥാപിച്ചു. ഇതോടെ ഇവർ സ്വന്തമെന്ന് കരുതിയ നാല് ഏക്കർ ഭൂമിയുടെ 80 ശതമാനവും വനഭൂമിയായി മാറും.
കാട്ടാന ശല്ല്യവും വെള്ളത്തിന്‍റെ കുറവും കാരണം ഇത്തവണ കൃഷി ചെയ്തില്ല. ഭൂമി കാടുപിടിച്ചു. അതോടെ വനഭൂമിയുടെ ജണ്ടയുടെ സ്ഥാനം ഇവരുടെ വീടിനോട് ചേർന്നുള്ള കൃഷി സ്ഥലത്തായി. പാലക്കാട് ജില്ലാ കലക്ടർ, മണ്ണാർക്കാട് ഡിഎഫ്ഒ, അഗളി ഐടിഡിപി പ്രൊജക്ട് ഓഫീസർ എന്നിവർക്കെല്ലാം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ബാലനും വസന്താമണിയും പറയുന്നു. പകരം ഭൂമി നല്‍കി കൃഷി ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്നാണ് തകർന്നു വീഴാറായ വീടിന് മുന്നിലിരുന്ന് ഈ വൃദ്ധദമ്പതികൾ പറയുന്നത്. എന്നാല്‍ വനഭൂമി തിരിച്ചു പിടിക്കുന്നതിന്‍റെ ഭാഗമായാണ് ജണ്ടകളുടെ സ്ഥാനം പുനർനിർണ്ണയിക്കുന്നതെന്നും പഴയ ജണ്ടകളുടെ സ്ഥാനം പുതിയ റെക്കോഡുകൾ പ്രകാരം മാറാമെന്നും ഷോളയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു.