പാലക്കാട് : അട്ടപ്പാടി മധു കേസിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. നിലവിലെ പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ രാജിവച്ചതിനെ തുടർന്നാണ് രാജേഷ് എം.മേനോന് ചുമതല നൽകിയത്. പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് രാജേന്ദ്രനെ മാറ്റണമെന്നും പകരം രാജേഷ് എം. മേനോനെ നിയമിക്കണമെന്നും മധുവിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് രാജേന്ദ്രൻ രാജി സമര്‍പ്പിച്ചത്. മധുവിന്‍റെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ചാണ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ സി. രാജേന്ദ്രനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. രാജേഷ് എം.മേനോനെ അഡീഷണൽ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്‌തു. ഫെബ്രുവരി 16 നായിരുന്നു നിയമനം.
Also Read അട്ടപ്പാടി മധു വധം: പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജി വച്ചു
ആദ്യം നിയമിച്ച വി.ടി രഘുനാഥൻ ആരോഗ്യപരമായ കാരണങ്ങളാൽ കോടതിയിൽ ഹാജരായിരുന്നില്ല. മണ്ണാർക്കാട് പ്രത്യേക കോടതിയിലാണ് കേസ് വിചാരണ തുടങ്ങിയത്. വിചാരണക്കിടയിൽ ചില സാക്ഷികൾ കൂറുമാറിയതോടെയാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്‍റെ കുടുംബം ആവശ്യപ്പെട്ടത്.
പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് 28 വരെ വിചാരണ നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്‌തു.