പാലക്കാട്: അട്ടപ്പാടി ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബം പൊലീസിന്‍റെ സംരക്ഷണം ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥനെ കണ്ട് അപേക്ഷ നൽകി. മധുവിന്‍റെ അമ്മ മല്ലിയും സഹോദരി സരസുവുമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മധു കേസിന്‍റെ വിധി ഈ മാസം നാലാം തിയതിയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് സംരക്ഷണം ആവശ്യപ്പെട്ട് മധുവിന്‍റെ കുടുംബം ജില്ല പൊലീസ് മേധാവിയെ കണ്ടത്.
മധു കേസില്‍ മാർച്ച് 30ന് വിധി പ്രസ്‌താവനയുണ്ടാവാമെന്ന് പ്രതീക്ഷിച്ചിരുന്നു. പിന്നീട്, ഏപ്രിൽ നാലിന് വിധി പ്രസ്‌താവന ഉണ്ടാകുമെന്നാണ് കോടതിയിൽ നിന്ന് അറിയിച്ചിട്ടുള്ളത്. കേസിൽ 16 പ്രതികളാണുള്ളത്. മണ്ണാർക്കാട് എസ്‌സി - എസ്‌ടി പ്രത്യേക കോടതിയിലാണ് മധു കേസിന്‍റെ വാദം പൂർത്തിയായത്. 122 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷൻ നൽകിയിരുന്നത്. കൂടാതെ അഞ്ച് സാക്ഷികളെക്കൂടി വിസ്‌തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളുടെ എണ്ണം നിലവിൽ 127 ആണ്. ഇതിൽ 24 സാക്ഷികളാണ് കൂറുമാറിയത്. മാത്രമല്ല 24 പേരെ വിസ്‌തരിക്കുന്നതിൽ നിന്ന് ഒഴിവാക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്‌തു. അതേസമയം കേസില്‍ 77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിരിക്കുന്നത്.
കേസിന്‍റെ നാൾവഴികള്‍: മധു കേസിൽ രണ്ട് കുറ്റപത്രങ്ങൾ സമർപ്പിക്കേണ്ടിവന്നു. നാല് വർഷത്തിന് ശേഷമാണ് വിചാരണ നടപടികൾ ആരംഭിച്ചത്. മധു കേസിന്‍റെ വിചാരണയുടെ ആദ്യഘട്ടത്തിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നത് വിടി രഘുനാഥായിരുന്നു. പിന്നീട് ഈ കേസിൽ നിന്ന് രഘുനാഥ് ഒഴിഞ്ഞിരുന്നു. തുടർന്നാണ് പബ്ലിക് പ്രോസിക്യൂട്ടറായി സി രാജേന്ദ്രനേയും, അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനേയും സംസ്ഥാന സർക്കാർ ചുമതലയേൽപ്പിച്ചത്.
കൂറുമാറ്റവും സ്ഥാനമാറ്റവും: കേസിന്‍റെ വാദം തുടരവെ തുടർച്ചയായി സാക്ഷികൾ കൂറുമാറിയിരുന്നു. ഇതോടെ, മധുവിന്‍റെ കുടുംബം പബ്ലിക് പ്രോസിക്യുട്ടറെ മാറ്റി പകരം അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം മേനോന് ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, സി രാജേന്ദ്രൻ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ചു. ഇതിനുശേഷം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ സർക്കാർ നിയമിച്ചു.
കേസിന്‍റെ വിചാരണ വേളയിൽ നിരവധി നാടകീയ രംഗങ്ങൾക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. രാജേഷ് എം മേനോൻ ചുമതലയേറ്റിട്ടും കുറുമാറ്റം തുടർന്നതോടെ പ്രതികൾ സാക്ഷികൾ സ്വാധീനിക്കാതിരിക്കാൻ പാലക്കാട് ജില്ല കോടതി നിർദേശ പ്രകാരം പാലക്കാട് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥൻ വിറ്റ്നസ് പ്രോട്ടക്ഷൻ സ്‌കീം നടപ്പിലാക്കി. ഇതോടെയാണ് സാക്ഷികളുടെ കൂറുമാറ്റം കുറഞ്ഞത്. അന്തിമവിധി കാത്തിരിക്കുന്ന കുടുംബവും പബ്ലിക് പ്രോസിക്യൂട്ടറും ആത്മവിശ്വാസത്തിലാണ്.