പാലക്കാട്: പുലാമന്തോൾ നാട്ടൊരുമ പൗരാവകാശ സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും വിവരാവകാശ പ്രവർത്തകനുമായ സെയ്‌ദലവി ചെമ്മലയ്‌ക്ക് നേരെ ആക്രമണം. മുൻപഞ്ചായത്ത് പ്രസിഡന്‍റും ഇപ്പോൾ മെമ്പറുമായ ഹനീഫയാണ് ആക്രമിച്ചത്.
പുലാമന്തോൾ പഞ്ചായത്തിലെ വില്ലേജ് എക്‌സ്‌റ്റെൻഷൻ ഓഫീസർക്ക് വിവരാവകാശ അപേക്ഷ നൽകാൻ ചെന്ന സെയ്‌ദലവിയെ ഓഫീസിലുണ്ടായിരുന്ന ഹനീഫ യാതൊരു വിധ പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. പഞ്ചായത്തിൽ നടക്കുന്ന ക്രമക്കേടുകൾക്കും അഴിമതിക്കും എതിരെ നിരന്തരമായ നിയമപരമായ ഇടപെടൽ നടത്തുന്ന സെയ്‌ദലവിയെ ആക്രമിച്ചതിനെതിരെ ശക്തമായ നിയമ പോരാട്ടമടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് സംസ്ഥാന സമിതി നേതാക്കൾ പറഞ്ഞു. പരിസ്ഥിതി-മനുഷ്യാവകാശ-വിവരാവകാശ പ്രവർത്തകർക്ക് നേരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹം പ്രതിഷേധിക്കണമെന്നും ഇവർ പറഞ്ഞു.
കൊപ്പം ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സ തേടിയ സെയ്‌ദലവിയെ നാട്ടൊരുമ പൗരാവകാശ സമിതി സംസ്ഥാന പ്രസിഡന്‍റ് സി.എൻ. മുസ്‌തഫ പള്ളിക്കുത്ത്, സെക്രട്ടറി ശിവദാസൻ മേലാറ്റൂർ തുടങ്ങിയവർ സന്ദർശിച്ചു.