പാലക്കാട്: കേരള ബാങ്കിന്റെ വരവ് സഹകരണമേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് കേരള സഹകരണ ഫെഡറേഷൻ. നിലവിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജില്ലാ ബാങ്കുകൾ കേരള ബാങ്കിൽ ലയിക്കുന്നതോടെ നിലവിലുണ്ടായിരുന്ന പ്രവർത്തന മികവിൽ കോട്ടം സംഭവിക്കുമോ എന്ന് ആശങ്കയുണ്ടെന്നും ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ലഭിക്കുന്നത് 8 ശതമാനം പലിശയാണ്. എന്നാൽ കേരളബാങ്കിൽ ലഭിക്കുക ഏഴേകാൽ ശതമാനം പലിശ മാത്രമാണ്.
നിലവിൽ സംസ്ഥാന സഹകരണ ബാങ്കിനേക്കാൾ ലാഭത്തിൽ പ്രവർത്തിക്കുന്ന 8 ജില്ലാ ബാങ്കുകൾ കേരളത്തിലുണ്ട്. ഇവയ്ക്ക് എൻ.ആർ.ഐ നിക്ഷേപത്തിന് അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. എന്നാൽ കേരള ബാങ്കിൽ ലയിക്കുന്നതോടെ ഈ ജില്ലാ ബാങ്കുകളോട് മുഴുവൻ എൻ.ആർ.ഐ നിക്ഷേപവും തിരിച്ചുനൽകാനുള്ള ഉത്തരവ് ലഭിച്ചു കഴിഞ്ഞുവെന്നും ആറ് ജില്ലാ ബാങ്കുകൾക്കുണ്ടായിരുന്ന നെറ്റ് ബാങ്കിങ്ങ് സംവിധാനവും കേരളാ ബാങ്കിൽ ലയിക്കുന്നതോടെ അവതാളത്തിലാകുമെന്നും സഹകരണ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ സാജു പറഞ്ഞു. ജനുവരി 5, 6 തീയതികളിൽ മലമ്പുഴയിൽ നടക്കുന്ന കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഫെഡറേഷൻ ഭാരവാഹികൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.