പാലക്കാട്: പട്ടാമ്പി ആധുനിക മത്സ്യ മാർക്കറ്റിലെ മാലിന്യ വിഷയം രാഷ്ട്രീയവൽകരിക്കുന്നതായി ആരോപണം. ലോക്ക് ഡൗണിന് ശേഷം തുറന്നു പ്രവർത്തിച്ച കടകൾ അടച്ചുപൂട്ടാൻ എംഎൽഎയുടെ ഇടപെടലിൽ സ്റ്റോപ്പ് മെമ്മോ നൽകിയെന്ന തരത്തിലും പ്രചരണം നടക്കുന്നുണ്ട്. മത്സ്യ മാർക്കറ്റിൽ നിന്നും സമീപത്തെ പാടത്തേക്ക് അറവു മാലിന്യമുൾപ്പടെയുള്ളവ തള്ളുന്നതുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി മുഹമ്മദ് മുഹ്‌സിൻ എംഎൽഎയും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. മാർക്കറ്റിൽ മാടുകളെ അറക്കുന്നതിന്‍റെ അവശിഷ്ടങ്ങൾ സമീപത്തെ പാടത്ത് കുന്നുകൂടി കിടക്കുകയാണ്. മഴക്കാലത്ത് ഇവിടെ വെള്ളം നിറയുകയും മാലിന്യങ്ങൾ സമീപത്തെ വീടുകളിൽ ഒഴുകിയെത്തുകയും ചെയ്യും. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎ പ്രദേശം സന്ദർശിക്കുകയും സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. ഏഴ് ദിവസത്തിനകം മാലിന്യം നീക്കം ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭയോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, ഇതിനിടയിൽ നഗരസഭയുടെ നേതൃത്വത്തിൽ മാർക്കറ്റിലെ കച്ചവടക്കാർക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതാണ് രാഷ്ട്രീയ ആരോപണങ്ങൾക്ക് കാരണമായത്.
ഉച്ചയോടെ നഗരസഭ കൗൺസിലർമാർ മാർക്കറ്റിൽ എത്തി മാലിന്യ വിഷയത്തിൽ മാർക്കറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു. സ്റ്റോപ്പ് മെമ്മോ നൽകേണ്ടിവന്നത് മുഹമ്മദ് മുഹ്‌സിൻ എംഎൽഎയുടെ ഇടപെടൽ മൂലമാണെന്ന് കൗൺസിലർമാർ പറഞ്ഞുവെന്ന് കച്ചവടക്കാർ അറിയിച്ചു. വ്യാജപ്രചരണത്തിനെതിരെ എംഎൽഎ തന്നെ മാർക്കറ്റിലെത്തി വിഷയത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. സമീപത്തെ പാടത്തെ മാലിന്യം നീക്കം ചെയ്യാൻ മാർക്കറ്റ് അടച്ചിടേണ്ട ആവശ്യമില്ലെന്നും നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണിന് ശേഷം കടകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി ഒരാഴ്ച ആയപ്പോഴാണ് നഗരസഭയുടെ ഭാഗത്ത് നിന്നും മാർക്കറ്റ് അടച്ചുപൂട്ടാനുള്ള നടപടി ഉണ്ടായത്.