ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ കൽപ്പാത്തി പുഴയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. ഒരു കണക്കുമില്ലാതെയാണ് മനുഷ്യ വിസർജ്യം ഉൾപ്പെടെയുളള പ്ലാസ്റ്റിക് ഖരമാലിന്യങ്ങൾ പുഴയോരത്ത് ദിവസേന അടിഞ്ഞുകൂടുന്നത്.പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഇത്തവണത്തെ പ്രളയത്തിൽ അടിഞ്ഞ വൻമരങ്ങളും മാലിന്യവും ഇപ്പോഴും പുഴയിലുണ്ട്. കൂടാതെ ഭക്ഷണാവശിഷ്ടങ്ങളും സമീപത്തെ ഫ്ലാറ്റുകളിൽ നിന്നുള്ള മലിനജലവും ഒഴുക്കിവിടുന്നത് പുഴയിലേക്കാണ്. മേൽനോട്ടക്കാർ ഇല്ലാത്തതിനാൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. രാത്രിയായാൽ മദ്യപാനികളുടെ സങ്കേതമാണ് പുഴയോരം എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പുഴയിൽ ഉയർന്നുനിൽക്കുന്ന പാറക്കൂട്ടങ്ങളിലെ മനുഷ്യവിസർജ്യം ആണ് മറ്റൊരു പ്രശ്നം. സമീപത്തുള്ള വിശാലാക്ഷി സമേത ക്ഷേത്രത്തിന്‍റെ മേൽനോട്ടത്തിൽ പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നുണ്ടെങ്കിലും ഈ സൗകര്യം ഉപയോഗപ്പെടുത്താതെ പലരും പുഴയിലാണ് വിസർജിക്കുന്നത്.
പുഴയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ രാത്രികാല സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് നഗരസഭ വാദിക്കുന്നുണ്ടെങ്കിലും ഇല്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ പുഴ മാലിന്യമുക്തമാക്കാൻ എത്രയും വേഗം അധികൃതർ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.