പാലക്കാട്: സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിന്‍റെ പേരിൽ മുതിർന്ന നേതാവ് കെ.വി തോമസിനെ പുറത്താക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. കോൺഗ്രസിന്‍റെ നയവും രാഷ്ട്രീയവുമാണ് കെ.വി തോമസ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുുപടി പറയുകയായിരുന്നു അദ്ദേഹം.
വികസന പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയം നോക്കരുത് എന്നാണ് കോൺഗ്രസ് നയം. അതാണ് കെ.വി തോമസ് പറഞ്ഞതും. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പുറത്താക്കാൻ കോൺഗ്രസിന് കഴിയില്ല. പുറത്താക്കുകയാണെങ്കിൽ അപ്പോൾ നോക്കാമെന്നും എ.കെ ബാലൻ പറഞ്ഞു.
ബംഗാളിൽ നിന്നുള്ള ഡോ. രാമചന്ദ്ര ഡോം സിപിഎം പൊളിറ്റ് ബ്യൂറോയിൽ എത്തിയത് ദളിത് പ്രാതിനിധ്യത്തിന്‍റെ പേരിലല്ല. അങ്ങനെ വ്യാഖ്യാനിക്കുന്നത് മാധ്യമങ്ങളാണ്. ജാതിചിന്ത രൂഢമൂലമാകണമന്ന ഫ്യൂഡൽ മനോഭാവവും ഇത്തരം പ്രചാരണത്തിനു പിന്നിലുണ്ട്. ദളിത് ശോഷൻ മുക്തി മഞ്ചിന്‍റെ അഖിലേന്ത്യ സെക്രട്ടറിയാണ് രാമചന്ദ്ര ഡോം. അർഹതയുള്ളവരെ സിപിഎം എപ്പോഴും പരിഗണിക്കാറുണ്ട്. കണ്ടറിഞ്ഞ് സഖാക്കളെ വളർത്തിക്കൊണ്ടുവരുന്ന പ്രസ്ഥാനമാണ് സിപിഎം എന്നും എ.കെ ബാലൻ പറഞ്ഞു.