പാലക്കാട്: സംസ്ഥാനത്തെ നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെല്ല് സംഭരണം വൈകുന്നത് കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ടെന്നും സംഭരണ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പാലക്കാട് ആലത്തൂർ ചരപ്പറമ്പിൽ സംഭരണം നടക്കാത്തതിനാൽ നെല്ല് കൂട്ടിയിട്ടിരിക്കുന്ന സ്ഥലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ഉണങ്ങിയ നെല്ല് ആഴ്ചകളോളമായി റോഡരികിൽ കിടക്കുകയാണെന്നും സംഭരണം ഇനിയും നീണ്ടാൽ വലിയ നഷ്ടമുണ്ടാവുമെന്നും കർഷകർ പരാതിപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നെല്ല് സംഭരണത്തിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്ന് മന്ത്രിതല യോഗം വിളിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ്, കൃഷി, സഹകരണ വകുപ്പ് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.