പാലക്കാട്: സമ്പത്ത്കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്നൊരു ചൊല്ലുണ്ട്. അങ്ങനെ സമ്പത്ത് കാലത്ത് ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്ത പച്ചക്കറികളാണ് ലോക്‌ഡൗൺ കാലത്ത് വിഷരഹിതമായ പച്ചക്കറിയായി ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് എത്തിയത്.
പട്ടാമ്പി വാടാനാംകുറിശ്ശി ആരഭി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷിയാണ് ലോക്‌ഡൗണിൽ വിളവെടുപ്പ് നടത്തിയത്. വാടാനംകുറിശ്ശി കരിയന്നൂർ പാടശേഖരത്തിലെ ഒരു ഏക്കർ സ്ഥലത്താണ് ജൈവ കൃഷി. ആദ്യവിളവെടുപ്പിൽ ലഭിച്ച പച്ചക്കറികൾ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി.
വെണ്ട, പയർ, വഴുതന, മുളക്, പാവൽ, മത്തൻ, കുമ്പളം, വെള്ളരി, പടവലം തുടങ്ങിയ ഇനം പച്ചക്കറികളാണ് കൃഷി ചെയ്തത്. ഇതിൽ വെള്ളരി കൃഷിയിലാണ് കൂടുതൽ വിളവ് ലഭിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ആരഭി ഗ്രന്ഥശാല പ്രവർത്തകരുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തുന്നത്. വിഷുവിന് നാട്ടുകാർക്ക് വിഷരഹിതമായ പച്ചക്കറി നൽകുക യുവ തലമുറക്ക് കൃഷിയിൽ താത്പര്യമുണ്ടാക്കുക, കൃഷി രീതികൾ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പച്ചക്കറി കൃഷി നടത്തിയത്. ആരഭി സെക്രട്ടറി വിപണി സാധ്യത നോക്കാതെ നടത്തിയ കൃഷി ആയതിനാൽ ലോക്‌ഡൗണും നിരോധനാജ്ഞയും ഒന്നും ഇവരെ ബാധിച്ചിട്ടില്ല.