പാലക്കാട്: പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന ബോധവൽക്കരണവുമായി രാജ്യം ചുറ്റിയുള്ള ബൈക്ക് യാത്രക്ക് തുടക്കമിട്ടിരിക്കുകയാണ് പാലക്കാട് കൊടുവായൂർ സ്വദേശി ശ്രീനാഥ്. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക, റിസൈക്കിൾ ചെയ്യാൻ സാധിക്കുന്ന പ്ലാസ്റ്റിക് മാത്രം ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങൾ യാത്രയിലുടനീളം പ്രചരിപ്പിക്കുകയാണ് ശ്രീനാഥിന്റെ ലക്ഷ്യം.
ഇരുപത് ദിവസം കൊണ്ട് ആന്ധ്രാപ്രദേശ്, തെലുങ്കാന, ഒഡിഷ, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങി ഇന്ത്യയിലെ പകുതിയോളം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യ - ചൈന അതിർത്തിയായ ഗ്യാങ്ങ് ടോക്കിൽ എത്തുകയാണ് യാത്രയുടെ ലക്ഷ്യം. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഭൂട്ടാനിലേക്കും യാത്ര തുടരുമെന്ന് ശ്രീനാഥ് പറയുന്നു.
മർച്ചന്റ് നേവിയിൽ സെക്കന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ശ്രീനാഥ് ഇതിന് മുമ്പും യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സന്ദേശവുമായുള്ള യാത്ര ആദ്യമായാണ്.