പാലക്കാട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി വാളയാര്‍ ചെക്ക്പോസ്റ്റ് വഴി കേരളത്തിലെത്തിയത് 9586 പേര്‍. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 3665 വാഹനങ്ങളിലായാണ് ഇവര്‍ എത്തിയത്.
മെയ് രണ്ടിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ നോര്‍ക്ക റൂട്ട്സ്, കൊവിഡ് ജാഗ്രത വെബ്സൈറ്റുകള്‍ വഴി അപേക്ഷിച്ചവരില്‍ 5183 വാഹനങ്ങള്‍ക്കാണ് പാലക്കാട് ജില്ലാ കലക്‌ടർ യാത്ര പാസ് അനുവദിച്ചത്. ഇതില്‍ 3665 വാഹനങ്ങള്‍ കേരളത്തിലെത്തി. തിരക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായി നിലവില്‍ യാത്രാ പാസ് നല്‍കുന്നത് താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ നഗരങ്ങളില്‍ ജോലി, പഠനം, വിനോദം, തീര്‍ത്ഥാടനം എന്നീ ആവശ്യങ്ങള്‍ക്കായി പോയവരാണ് കേരളത്തിലേക്ക് എത്തുന്നവരില്‍ ഭൂരിപക്ഷവും.
അതേസമയം യാത്രാ പാസ് താൽക്കാലികമായി നിർത്തി വച്ചതിനെ തുടർന്ന് ആശങ്കയിലായ ആളുകൾ കൂട്ടത്തോടെ അതിർത്തിയിലേക്ക് എത്തിയത് നേരിയ തോതിൽ തിരക്കിന് കാരണമായി. ഇതേതുടർന്ന് പുതിയ എട്ട് കൗണ്ടറുകൾ കൂടി പ്രവർത്തന സജ്ജമാക്കിയാണ് പരിശോധനകൾ നടത്തിയത്.