മലപ്പുറം: അനധികൃത വില്‍പനക്കായി ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച 88 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി മൂന്നുപേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്‌തു. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശികളായ പ്രദീഷ്(സുനി-44), അബ്‌ദുള്‍ റഹീം(28), ഫാസില്‍(19) എന്നിവരെയാണ് പിടികൂടിയത്.
വ്യാഴാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെ പാതായ്ക്കര ഒലിങ്കരയില്‍ നിന്നും എസ്.ഐ വി. ഹേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അരലിറ്ററിന്‍റെ 88 കുപ്പികളാണുണ്ടായിരുന്നത്. മദ്യം കടത്തിയ ഓട്ടോറിക്ഷയും 2700 രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ക്രിസ്‌മസ് പുതുവത്സര ദിനങ്ങള്‍ ലക്ഷ്യമിട്ട് പെരിന്തല്‍മണ്ണയിലെ ചില്ലറ മദ്യവില്‌പനശാലയില്‍ നിന്നും പലതവണകളായി മദ്യം ഇവര്‍ വാങ്ങുകയായിരുന്നുവെന്നാണ് വിവരം.