മലപ്പുറം: യൂത്ത് സെവൻസ് ഫുട്ബോൾ മത്സരത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നടന്നു. മമ്പാട് എംഇഎസ് കോളജിൽ കേരള ടീം മുൻ ക്യാപ്റ്റൻ ആസിഫ് സഹീർ ഉദ്ഘാടനം ചെയ്തു. 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം- വിമുക്തി തൊണ്ണൂറുദിന' പരിപാടിയുടെ ഭാഗമായി കാലിക്കറ്റ് സർവ്വകലാശാലയിലെ എൻഎസ്എസ്സിന്‍റെ സഹകരണത്തോടെ മലപ്പുറം ജില്ലാ വിമുക്തി മിഷനാണ് മത്സരം സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ കോളജുകളിലെ നാല് വനിതാ ടീമുകൾ ഉൾപ്പെടെ അറുപതിലധികം ടീമുകൾ ആറു കേന്ദ്രങ്ങളിലായി മാറ്റുരയ്ക്കുന്ന മത്സരം ആറു ഘട്ടങ്ങളായാണ് നടക്കുന്നത്. മത്സരത്തിൽ അറുന്നൂറിലധികം കായികതാരങ്ങൾ പങ്കെടുക്കും. രണ്ടാം ഘട്ട മത്സരം ഈമാസം 24 ന് എളങ്കൂർ ശ്രീ ശാസ്താ കോളജിൽ നടക്കും. തുടർന്ന് 25ന് മലപ്പുറം ഗവൺമെന്‍റ് കോളജ്, 26ന് കടകശ്ശേരി ഐഡിയൽ കോളജ്, 27ന് കൊണ്ടോട്ടി ബ്ലോസം കോളജ്, 28 ന് പെരിന്തൽമണ്ണ ഐഎസ്എസ് കോളജ് എന്നിവിടങ്ങളിൽ മത്സരം നടക്കും. ഇന്ന് നടന്ന ആദ്യ ഘട്ട മത്സരത്തിൽ അമൽ കോളജ് വിജയിച്ചു. വിജയികൾക്ക് വിമുക്തി മെഡലും ട്രോഫികളും സമ്മാനിച്ചു.