മലപ്പുറം: ലോകത്ത് എവിടെ ഫുട്‌ബോൾ തട്ടിയാലും അത് മലപ്പുറത്തിന്‍റെ ഹൃദയത്തിലാണ് വന്നു കൊള്ളുന്നത്. കാരണം കാല്‍പ്പന്തുകളി ശരിക്കും മലപ്പുറത്തുകാരുടെ ഹൃദയത്തിലാണ്. ലോകം കാത്തിരുന്ന ലോകകപ്പിന് ഖത്തർ വേദിയാകുമ്പോൾ മലപ്പുറം മഞ്ചേരിയിലെ പാലക്കുളം മിനി ഖത്തറാകുകയാണ്.
വീടുകൾ, കടകൾ, അടക്കം സകലമാന കെട്ടിടങ്ങളും ഇഷ്‌ട ടീമുകളുടെ കൊടിയും തോരണവും കൊണ്ട് നിറഞ്ഞു. എവിടെ നോക്കിയാലും അർജന്‍റീന, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഘാന എന്നീ ടീമുകളുടെ പതാകകൾ. മത്സരിക്കാൻ ഇന്ത്യയ്ക്ക് ടീം ഇല്ലെങ്കിലും ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച ബോർഡുകളുമുണ്ട്.
മെസി, റൊണാൾഡോ, നെയ്‌മർ തുടങ്ങിയ താരങ്ങളുടെ കട്ടൗട്ടുകൾ കൂടി വരുന്നതോടെ സംഗതി ഫുൾ കളറാകും. ലോകകപ്പ് മത്സരങ്ങൾ കാണാൻ ബിഗ് സ്ക്രീനും ഒരുങ്ങുന്നുണ്ട്. ഇതിനൊക്കെ പിന്നില്‍ കാൽപന്തുകളിയെ നെഞ്ചിലേറ്റുന്ന എഫ്‌സി പാലക്കുളം ക്ലബ് അംഗങ്ങളാണെന്ന് കൂടി പറയുമ്പോൾ പാലക്കുളത്തിന്‍റെ ഫുട്‌ബോൾ ഭ്രാന്ത് പൂർണമാകും...