മലപ്പുറം: മുണ്ടേരി സംസ്ഥാന വിത്തു കൃഷിത്തോട്ടത്തിൽ സംയുക്ത തൊഴിലാളി യൂണിയനുകൾ സമരത്തിലേക്ക്. ഫാമിന്‍റെ പ്രതികൂല സാഹചര്യങ്ങളെ മുൻനിർത്തി സ്വകാര്യ സ്ഥാപനങ്ങൾക്ക് തീറെഴുതി കൊടുക്കുന്ന ഫാം മാനേജ്‌മെന്‍റിന്‍റെയും മേലുദ്യോഗസ്ഥരുടെയും ഗൂഢാലോചനകൾ അവസാനിപ്പിക്കുക, തൊഴിലാളികളുടെ രാത്രി കാല കാവൽ ജോലി പഴയ രീതിയിൽ പുനസ്ഥാപിക്കുക, സുഗമമായ ഫാമിന്‍റെ പ്രവർത്തനങ്ങളെ നശിപ്പിക്കുന്ന തരത്തിലുള്ള മേലുദ്യോഗസ്ഥരുടെ നടപടികൾ പിൻവലിക്കുക എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം.
സമരത്തിന്‍റെ ഭാഗമായി വിവധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ഡെപ്യൂട്ടി ഡയറക്ടർക്ക് നോട്ടീസ് നൽകി. വന്യ ജീവികളുടെ ശല്യം അതിരൂക്ഷമായ സമയത്താണ് രാത്രികാല കാവൽ ജോലിക്ക് ഒരു ബ്ലോക്കിൽ ഒരാളെ മാത്രം വെച്ച് ഡെപ്യൂട്ടി ഡയറക്ടർ ഓഡർ ഇറക്കിയത് .ഈ നടപടി സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒത്താശ പാടാനാണെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.
രാത്രിയിൽ കൃഷിയിടങ്ങൾ നശിപ്പിക്കുകയും തൊഴിലാളികൾ വിശ്രമിക്കുന്ന ഷെഡുകൾ ആന തകർക്കുകയും തൊഴിലാളികളുടെ പണിയായുധങ്ങളും മറ്റും നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. മാനേജ്‌മെന്‍റിന്‍റെ ഇത്തരം നടപടികൾ പുനപരിശോധിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.