മലപ്പുറം : നിലമ്പൂരില്‍ ജനവാസമേഖലയ്ക്ക് ഭീഷണിയുയര്‍ത്തി കാട്ടാനകള്‍. ആശുപത്രിക്കുന്ന്, കോവിലകത്തുമുറി പ്രദേശങ്ങളില്‍ താമസിക്കുന്ന കര്‍ഷകരുടെ സ്വൈര്യജീവിതം നഷ്ടപ്പെട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ബുധനാഴ്ച നഗരസഭയുടെ കോവിലകത്തുമുറി തീക്കടി ഭാഗത്തെത്തിയ കാട്ടാനകള്‍ സ്വകാര്യവ്യക്തികള്‍ സ്ഥാപിച്ച വൈദ്യുതിവേലി തകര്‍ത്ത് കൃഷി നശിപ്പിച്ചു.
സോളാര്‍ വേലി സ്ഥാപിച്ചത് രണ്ടര ലക്ഷത്തിന്
പുലര്‍ച്ചെ ഒരുമണിയോടെ വെഞ്ഞനാട് മാര്‍ട്ടിന്‍റെ പറമ്പിലാണ് കാട്ടാനയെത്തിയത്. വാഴയുള്‍പ്പെടെയുളള കൃഷി നശിപ്പിച്ചു. വന്യമൃഗശല്യം തടയാന്‍ രണ്ടര ലക്ഷം രൂപ ചെലവിലാണ് കര്‍ഷകര്‍ സോളാര്‍ വേലി സ്ഥാപിച്ചത്.
സമീപത്തെ പറമ്പില്‍ നിന്നും ആനകള്‍ വേലിയ്ക്ക് മുകളിലേക്ക് കവുങ്ങ് തളളിയിട്ടു. കവുങ്ങിന്‍റെ മുകള്‍വശം ചെന്നുപതിച്ചത് സമീപത്തെ വൈദ്യുതി കമ്പിയ്ക്ക് മുകളിലാണ്.
പ്രളയത്തെ അതിജീവിച്ച കര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടി
ആനകള്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഫെന്‍സിങ് തകര്‍ക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ എഴുന്നേറ്റത്. തുടര്‍ന്ന് വനം, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
2018 ലെയും 2019 ലെയും പ്രളയത്തില്‍ പൂര്‍ണമായും കൃഷിയിടം നശിച്ചതിനുശേഷം അതിജീവനത്തിലാണ് കര്‍ഷകര്‍. അതിനിടെയിലാണ്, കാട്ടാനകളുടെ ആക്രമണം. ഇനിയെന്തുചെയ്യുമെന്ന് അറിയാതെ ആശങ്കയിലാണ് പ്രദേശവാസികള്‍.
ALSO READ: വാക്‌സിന്‍ ക്ഷാമത്തിന് താത്‌കാലിക പരിഹാരം ; സംസ്ഥാനത്ത് 9.73 ലക്ഷം ഡോസ് എത്തി