മലപ്പുറം: നിലമ്പൂർ പോത്തുകലിൽ പൊലീസുകാരനെ ആക്രമിച്ച കാട്ടാനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനപാലകർ കാട്ടിനുള്ളിലേക്ക് കയറ്റിവിട്ടു. പോത്തുകൽ സ്റ്റേഷനിലെ വനപാലകരും വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്‌പോൺസ് ടീമും ചേർന്നാണ് അപകടകാരിയായ മോഴയാനയെ റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവച്ച് കാട്ടിലേക്ക് തിരിച്ചയച്ചത്. അപകടം ഒഴിവാക്കാൻ നാട്ടുകാരെയും കോളനി നിവാസികളെയും സുരക്ഷിതമായ ഭാഗത്തേക്ക് നീക്കിയ ശേഷമാണ് വഴിക്കടവ് റെയ്ഞ്ച് ഓഫിസറുടെ നിർദേശപ്രകാരം റബർ ബുള്ളറ്റ് ഉപയോഗിച്ച് കാട്ടാനയെ തുരത്തിയത്.
ചാലിയാർ പുഴ നീന്തിക്കടന്നാണ് കാട്ടാന പോത്തുകലിൽ എത്തിയത്. ആനയെ തുരത്തുന്നതിനിടെ കോഴിക്കോട് റാപ്പിഡ് റെസ്‌പോൺസ് ടീമിലെ സംഗീതിനാണ് പരിക്കേറ്റത്. റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ച സംഗീതിനെ ആന തട്ടി തെറിപ്പിക്കുകയായിരുന്നു. സംഗീതിന്‍റെ നെഞ്ചിനാണ് ആനയുടെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റത്. വനപാലകരും, നാട്ടുകാരും, കോളനി നിവാസികളും ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
പോത്തുകൽ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. വനപാലകർ, പൊലീസുകാർ ഉൾപ്പെടെ ആർക്കും സുരക്ഷയില്ലാത്ത അവസ്ഥയാണ്. മുൻപ് വനപാലകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതും പോത്തുകൽ മേഖലയിലാണ്.
ഇന്ന് ആർ.ആർ.ടി ടീമിലെ പൊലീസുകാരന്‍റെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. അപകടകാരികളായ കാട്ടാനകളെ തുരുത്താൻ വനപാലകരുടെ കൈവശമുള്ളത് റബർ ബുള്ളറ്റുകളും വടിയും മാത്രം. നിലമ്പൂർ മേഖലയിൽ കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും നടപടി മാത്രം ഉണ്ടാകുന്നില്ല. നിലമ്പൂരിൽ കാട്ടാന ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Also Read: video: പുഴ നീന്തിക്കടന്നെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്