മലപ്പുറം: കനത്ത സുരക്ഷ നിലനില്‍ക്കെ രണ്ടാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. തൃശൂര്‍ കുന്നംകുളത്തും മലപ്പുറം കുറ്റിപ്പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. കറ്റിപ്പുറം മിനി പമ്പയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കരിങ്കൊടി മാര്‍ച്ച് അക്രമാസക്തമായി.
മാര്‍ച്ച് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഇതോടെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. ശേഷം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റിയാസ് മുക്കോളി അടക്കമുള്ളവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.
കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത് എത്തി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം മിനി പമ്പയില്‍ തന്നെ ആയിരുന്നു പ്രതിഷേധം. ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് കുറ്റിപ്പുറം-പൊന്നാനി റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്.