മലപ്പുറം: കുടിവെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഹയർ സെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ച് ജലപരിശോധന ലാബുകൾ ഒരുക്കുന്നു. ജില്ല ഹരിത കേരള മിഷന് കീഴിൽ ജില്ലയിൽ 15 ജലപരിശോധന ലാബുകളാണ് ഒരുക്കുന്നത്. കുടിവെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം.
ഹയർസെക്കൻഡറി സ്‌കൂളിലെ രസതന്ത്ര ലാബുകളിൽ സജ്ജീകരിക്കുന്ന സംവിധാനം വഴി കുറഞ്ഞ ചെലവിൽ കിണർ, കുളം എന്നിവിടങ്ങളിൽ ജല ഗുണനിലവാര പരിശോധന സാധ്യമാവും. ഓരോ പഞ്ചായത്തിലെയും ഓരോ സ്‌കൂളുകളിൽ ലാബ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി പൊന്നാനി, നിലമ്പൂർ, കൊണ്ടോട്ടി മണ്ഡലങ്ങളിലെ എംഎൽഎ ഫണ്ട് ഉപയോഗിച്ചും തിരൂർ, കോട്ടക്കൽ എന്നീ നഗരസഭകളിലെ ഫണ്ട് ഉപയോഗിച്ചുമാണ് ലാബുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്.
ആദ്യഘട്ടങ്ങളിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളിലെ ശാസ്‌ത്ര അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലാണ് ജലപരിശോധന നടത്തുക. ഇതിനായി ഇവർക്ക് പ്രത്യേക പരിശീലനം നൽകും. വീട്ടിലെ കിണറ്റിൽ നിന്നും നേരിട്ട് എടുക്കുന്ന ജലം അണുവിമുക്തമായ ബോട്ടിലിൽ ശേഖരിച്ച് പരിശോധനയ്ക്കായി എത്തിക്കണം. ലാബിൽ സാമ്പിളുകളിൽ നമ്പറും ലൈറ്റും നൽകിയശേഷം ജലത്തിന്‍റെ നിറം, മണം, പിഎച്ച് മൂല്യം, വൈദ്യുതി സാന്നിധ്യം, ജലത്തിലെ നൈട്രേറ്റ് അമോണിയ ടോട്ടൽ ക്ലോളിഫോം എന്നിവ പരിശോധിക്കും.
പരിശോധനയില്‍ ലഭിച്ച കാര്യങ്ങൾ ആപ്ലിക്കേഷനിൽ അടയാളപ്പെടുത്തിയ ശേഷം ജല സാമ്പിളിൽ കൊണ്ടുവന്ന ആൾക്ക് വിവരങ്ങളടങ്ങിയ വാട്ടർ കാർഡ് കൈമാറും. ഒരു ലാബിനായി രണ്ട് ലക്ഷത്തിൽ താഴെയാണ് ചെലവ് വരുന്നത്. ലാബ് നിർമിക്കുന്നതും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതും സർക്കാർ സ്ഥാപനമായ കെ ഐ ഐ ഡി സിയാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ ജലജന്യ അസുഖങ്ങൾ തടയാൻ ആകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.